ഗോവയിൽ വച്ച് നടക്കുന്ന ജി20 ഊർജ മന്ത്രിമാരുടെ യോഗത്തിൽ ഇന്ന് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ സെക്രട്ടറി ജനറൽ ഹൈതം അൽ ഗായിസ് പങ്കെടുക്കും. ഒപെക് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഹൈതം അൽ ഗായിസ് അറിയിച്ചു.
കൂടാതെ ഒപെക്കുമായി തന്ത്ര പ്രധാന സഖ്യത്തിലുള്ള ഇന്ത്യയിൽ യോഗം നടക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ധന സ്രോതസിൽ വരുത്തേണ്ട മാറ്റം സംബന്ധിച്ച് ഒപെക്കിനുള്ള കാഴ്ചപ്പാടുകൾ അദ്ദേഹം യോഗത്തിൽ അവതരിപ്പിക്കും. കൂടാതെ പുതിയ ഊർജ മേഖലയിൽ സഹകരിക്കാൻ താൽപര്യമുള്ളവരുമായി കൈകോർക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. കൂടാതെ സുസ്ഥിര ഊർജ ഭാവിയിലേക്ക് എല്ലാവർക്കും സ്വീകാര്യമായ പാതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എണ്ണ വ്യവസായത്തിൽ നിക്ഷേപം തുടരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം വിശദമാക്കി.