സൗദിയിലേക്കുള്ള വിമാന യാത്രക്കാരുടെ ലഗേജ് വൈകുകയോ, നഷ്ടപ്പെടുകയോ, കേടുപാടുകൾ ഏൽക്കുകയോ ചെയ്താൽ വിമാന കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ. വീഴ്ച വരുത്തുന്ന കമ്പനികളോട് 6000 റിയാൽ വരെ യാത്രക്കാർക്ക് നഷ്ടപരിഹാരമായി ഈടാക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശിച്ചു.
ചുരുങ്ങിയത് 1,820 റിയാൽ നൽകേണ്ടി വരും. ഉയർന്ന തുക 6,000 റിയാലാണ്. ഉയർന്ന മൂല്യമുള്ള സാധനങ്ങൾ ലഗേജിൽ ഉണ്ടെങ്കിൽ അതിനനുസരിച്ച് നഷ്ടപരിഹാരം നൽകണം. ഇത്തരം സാധനങ്ങൾ ലഗേജിൽ ഉണ്ടെങ്കിൽ അതിന്റെ വില വിവരങ്ങൾ യാത്രയ്ക്ക് മുമ്പ് വിമാനകമ്പനികളെ അറിയിക്കാൻ യാത്രക്കാർക്കും നിർദേശം.
ആഭ്യന്തര വിമാന സർവീസുകളിൽ ലഗേജ് വൈകിയാൽ ഓരോ ദിവസത്തിനും 104 റിയാലാണ് നഷ്ടപരിഹാര തുക. ഇത് ഉയർന്ന് 520 റിയൽ വരെയാകാനും സാധ്യതയുണ്ട്.
അന്താരാഷ്ട്ര സർവീസുകളിൽ ഓരോ ദിവസത്തിനും 208 മുതൽ 1040 റിയൽ വരെ നഷ്ടപരിഹാരം നൽകണമെന്നാണ് നിർദേശം. ലഗേജുകൾ നഷ്ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്നും GACA നിർദേശിച്ചു.