ഉത്തർപ്രദേശിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തുനീക്കി. 227ലധികം പേരെ 6 ജില്ലകളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് വിവരം. യുപി സർക്കാർ ജാഗ്രത ശക്തമാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ ജുമാ നമസ്ക്കാരത്തിന് ശേഷം സംസ്ഥാനത്ത് കലാപ ശ്രമങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. പൊലീസിന്റെ സമയോചിത ഇടപെടൽ വലിയ സംഘർഷങ്ങൾ ഒഴിവാക്കി. പ്രയാഗ് രാജിൽനിന്ന് 6 പേരെയും ഹത്രാസിൽനിന്ന് 50 പേരെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു. സഹാറൺപുരിൽ നിന്ന് എട്ടു പേരെയും അംബേദ്കർ നഗറിൽ നിന്ന് 28 പേരെയും മൊറാദാബാദിൽ നിന്ന് 25 പേരെയും ഫിറോസാബാദിൽ നിന്ന് 25 പേരെയും ഫിറോസാബാദിൽ നിന്ന് 8 പേരെയും അറസ്റ്റ് ചെയ്തു. പ്രതിഷേധം നടന്ന സ്ഥലങ്ങളിൽനിന്ന് ലഭിച്ച വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് പൊലീസ് വാദം.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആക്രമികളെ തിരിച്ചറിയുകയാണുണ്ടായത്. ജില്ല ഭരണകൂടത്തിന്റെ സമാധാന നിർദേശങ്ങൾ വകവെക്കാതെയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയതെന്നാണ് മുതിർന്ന പൊലീസ് ഓഫിസർ പ്രശാന്ത് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വെളളിയാഴ്ചയായതിനാൽ ഇന്നലെ സംസ്ഥാനത്ത് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. സമാധാനപരമായി നമസ്കാരം നടത്താനുള്ള പോലീസ് നിർദേശം വകവയ്ക്കാതെ പല സ്ഥലങ്ങളിലും പൊലീസുകാർക്ക് നേരെയും ശക്തമായ ആക്രമണം നടത്തിയിരുന്നു.