മുഖ്യമന്ത്രിക്കെതിരെ വിവാദമായ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഫ്ലാറ്റിലും എച്ച്ആർഡിഎസിന്റെ ഓഫീസിലും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. സ്വപ്നയ്ക്ക് ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശക്തമായ സുരക്ഷ ഏർപ്പെടുത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഷാജ് കിരണിന്റെ ഓഡിയോ സ്വപ്ന പുറത്തുവിടുന്ന സമയത്ത് കൂടുതൽ പൊലീസെത്തുമെന്നാണ് വിവരം.
സ്വപ്നയുടെ ഫ്ലാറ്റിലും എച്ച്ആർഡിഎസിന്റെ ഓഫീസിലും സിസിറ്റിടി ക്യാമറകളും സ്ഥാപിച്ചു. ഇവിടെ വന്നുപോകുന്നവരുടെ ഉൾപ്പടെയുള്ള വിവരങ്ങൾ അറിയാനാണ് സിസിറ്റിവി.
മുഖ്യമന്ത്രി പിണറായി വിജയൻ 2016ൽ ദുബായ് സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ആരോപണമാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്.
മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എന്നിവർക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരുന്നു. കള്ളപ്പണക്കേസിൽ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിയും സമ്മർദ്ദവും ചെലുത്തിയെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ ഇന്ന് സ്വപ്നയുടെ അഭിഭാഷകൻ പുറത്തുവിടും. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായാണ് ഷാജ് കിരൺ എത്തി ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന ആരോപിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയുമായി ബന്ധമില്ലെന്നും സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ കണ്ടതെന്നുമാണ് ഷാജ് പറയുന്നത്.
മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങൾ ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ ഇന്ന് പുറത്തുവിടുമെന്നു സ്വപ്നയുടെ അഭിഭാഷകൻ ആർ കൃഷ്ണരാജ് അറിയിച്ചിരുന്നു. നിയമവശങ്ങൾ നോക്കിയാകും നീക്കമെന്നും വ്യക്തമാക്കി.