സഹോദരന് മരുന്നുമായി എത്തി യുഎഇയില്‍ തടവിലായ പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി നൗഫലിന് മോചനം. മൂന്ന് മാസത്തെ തടവില്‍ കഴിഞ്ഞതിന് ശേഷണാണ് അപ്പീല്‍ കോടതി വഴി മോചനം സാധ്യമായത്. സത്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് നൗഫലിന് വിധിച്ചിരുന്ന ഇരുപതിനായിരം ദിര്‍ഹം പിഴയും കോടതി ഒഴിവാക്കി.
കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് നൗഫല്‍ അല്‍െഎന്‍ വിമാനത്താവളത്തില്‍ എത്തിയത്. ബാഗിനുളളില്‍ അനിയന്‍റെ ചികിത്സാര്‍ത്ഥം വാങ്ങിയ ഗുളികളും ഉണ്ടായിരുന്നു. എന്നാല്‍ ബാഗിലുളളത് യുഎഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഗുളികയാണെന്നും ഉപയോഗിക്കണമെങ്കില്‍ ഡോക്ടറുടെ കുറുപ്പടി ഹാജരാക്കണെന്നും വിമാനത്താവളത്തിലെ സുരക്ഷാ അധികൃതര്‍ നിര്‍ദ്ദേശിച്ചു.
അനിയന്‍ നൗഷാദിനൊപ്പമാണ് നൗഫലും വിമാനത്താവളത്തിലെത്തിയതെങ്കിലും
സുരക്ഷാ അധികൃതരെ സത്യം ബോധിപ്പിക്കാനായില്ല. ഗുളികകൾ നൗഫലിന്‍റെ ബാഗിലും കുറിപ്പടി നൗഷാദിന്‍റെ ബാഗിലും ആയതാണ് കുടുങ്ങാന്‍ കാരണം. പ്രാഥമിക കോടതിയും നൗഫലിനെ ശിക്ഷിച്ചതോടെയാണ് മൂന്ന് മാസം തടവില്‍ കഴിയേണ്ടിവന്നത്. ഒരു വര്‍ഷത്തേക്കുളള മരുന്നുകൾ ഒന്നിച്ചുകൊണ്ടുവന്നതും വിനായായി.
ഒടുവില്‍ അഭിഭാഷകനായ പി. എ ഹക്കീം മുഖേന അപ്പീല്‍ കോടതിയെ സമീപിക്കുകയും കോടതിയില്‍ കാര്യങ്ങൾ വ്യക്തമാക്കുകയുമായിരുന്നു. നൗഷാദിനേയും വിളിച്ചുവരുത്തിയ കോടതി നൗഫലിനെ മോചിപ്പിക്കുകയും പിഴ ഒഴിവാക്കുകയുമായിരുന്നു.
മരുന്നുമായി എത്തുന്നവര്‍ അറിയേണ്ടത്:
സാധാരണ രോഗത്തിനുളള മരുന്നുകൾ കുറഞ്ഞ അളവില്‍ കൈവശം സൂക്ഷിക്കുന്നതില്‍ തടസ്സമില്ല. എന്നാല്‍ വിലക്കിയതൊ, നിയന്ത്രണം ഏര്‍പ്പെടുത്തിയതോ ആയ മരുന്നുകൾക്ക് മൂന്ന് മാസത്തിനകമുളള ഡോക്ടറുടെ കുറിപ്പടിയും രോഗിയുെട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. എംബസിയോ ഇരു രാജ്യങ്ങളിലേയും ആരോഗ്യവിഭാഗമൊ സാക്ഷ്യപ്പെടുത്തുകയും വേണം. ഇത്തരം അനുമതികൾക്ക് രണ്ടുമാസം മാത്രമാണ് പരിധിയുണ്ടാവുക.
യുഎഇയിലേക്കാണ് യാത്രയെങ്കില്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ പ്രവേശിച്ച് യാത്രയുടേയും മരുന്നിന്റേയും മറ്റും വിവരങ്ങൾ രേഖപ്പെടുത്തുകയും മൂന്ന് ദിവസത്തിനകം ലഭ്യമാകുന്ന അനുമതിപത്രം കയ്യില്‍ കരുതുകയും വേണം. മറ്റൊരാളുടെ മരുന്നുകളാണ് കൈവശമുളളതെങ്കില്‍ വ്യക്തമായ രേഖകൾ ഹാജരാക്കുകയും കൃത്യമായ മറുപടികൾ നല്‍കുകയും ചെയ്യേണ്ടതുണ്ട്. അപരിചിതരുടെ മരുന്നുകൾ കൊണ്ടുവരരുതെന്നും മുന്നറിയിപ്പുണ്ട്.