ആഗോളവിപണിയില്‍ ആവശ്യം ഉയരുന്ന പശ്ചാത്തലത്തില്‍ എണ്ണവില ഇനിയും ഉയരുമെന്ന മുന്നറിയിപ്പുമായി യുഎഇ ഊര്‍ജ്ജ മന്ത്രി സുഹൈൽ അൽ മസ്റൂയി. ജോർദാനിൽ നടന്ന ഊർജ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം. വേനല്‍ക്കാലത്ത് ഊര്‍ജ്ജ ഉപഭോഗം വര്‍ദ്ധിക്കുന്നതും ഉല്പാദനത്തിലുണ്ടാകുന്ന കുറവും എണ്ണവിലയില്‍ കുതിച്ചുകയറ്റത്തിന് കാരണമാകുമെന്നാണ് നിഗമനം.
ലോകം കോവിഡി പ്രതിസന്ധിയില്‍നിന്ന് പതിവ് നിലയിലേക്ക് മാറുന്നതോടെ ഇന്ധന ആവശ്യകത ഉയരുകയാണ്. ചൈന ഉൾപ്പടെ വന്‍കിട രാജ്യങ്ങൾ സജീവമമായി വ്യവസായ ചക്രത്തിലേക്ക് എത്തിയാല്‍ കൂടുതല്‍ എണ്ണയുല്‍പ്പാദനം വേണ്ടി വരും.
നിലവില്‍ ഒപെക് രാജ്യങ്ങളില്‍ എണ്ണയുല്‍പ്പാദനം പ്രതീക്ഷിച്ച നിലയിലേക്ക് എത്താത്തതും വിലവര്‍ദ്ധനവിന് ഇടയാക്കും. 2.6 മില്യന്‍ ബാരലാണ് ഒപെക് പ്ലസ് രാജ്യങ്ങളിലെ പ്രതിദിന എണ്ണയുല്‍പ്പാദനം .. ഇത് ലക്ഷ്യംവെച്ചതിനേക്കാൾ കുറവാണെന്നും മന്ത്രി സൂചിപ്പിച്ചു. ഉൽപ്പാദനം വർധിപ്പിക്കാനുള്ള ഒപെക് പ്ലസ് ശ്രമങ്ങളും വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച യുക്രൈന് – റഷ്യ യുദ്ധത്തോടെ ഇന്ധനത്തിനായി റഷ്യയെ ആശ്രയിച്ചിരുന്ന രാജ്യങ്ങളിലും പ്രതിസന്ധി രൂക്ഷമായി. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യൻ എണ്ണയും വാതകവും വിപണിയിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്താൽ എണ്ണവില സമാനകളില്ലാത്ത വര്ദ്ധനവിലെത്തുമെന്നാണ് മുന്നറിയിപ്പ്.
ജൂണ്‍ ആദ്യം യുഎഇയില്‍ ഇന്ധനവില നാല് റിയാന്‍ കടന്നിരുന്നു. പ്രതിസന്ധി രൂക്ഷമായാനല് കരുതല്‍ശേഖരം ഉപയോഗപ്പെടുത്തി വില പിടിച്ചുനിര്‍ത്താനുളള ശ്രമങ്ങളാണ് ലോകരാജ്യങ്ങളിലുളളത്. എന്നാല്‍ എണ്ണക്ഷാമവും ഉയര്‍ന്ന പണപ്പെരുപ്പവും ഇന്ധന വിപണിയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.