ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല, സ്പീക്കർ എഎൻ ഷംസീർ, ധനമന്ത്രി കെഎൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ഇന്ന് തുടങ്ങി 13 വരെ മൂന്ന് ദിവസങ്ങളിലാണ് അമേരിക്കയിൽ ലോക കേരള സഭയുടെ മൂന്നാം സമ്മേളനം. പതിനൊന്നിനാണ് ലോക കേരളസഭാ സമ്മേളനവും ടൈം സ്ക്വയറിലെ പൊതു സമ്മേളനവും.
പതിനൊന്നിന് ബിസിനസ് ഇൻവെസ്റ്റ് മീറ്റിനൊപ്പം സംരംഭകർ, വനിതാ സംരംഭകർ, നിക്ഷേപകർ, പ്രവാസി മലയാളി നേതാക്കൾ എന്നിവരുമായി സംഘം ചർച്ച നടത്തും. വേൾഡ് ട്രേഡ് സെന്റർ ആക്രമണ സ്മാരകം, യു.എൻ ആസ്ഥാന സന്ദർശനം എന്നിവയും പട്ടികയിലുണ്ട്.
അമേരിക്ക, ക്യൂബ സന്ദർശനം പൂർത്തിയാക്കി മടങ്ങും വഴി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശിക്കും. ക്യൂബയിൽ നിന്ന് ജൂൺ 17 -ന് മുഖ്യമന്ത്രി ദുബായിൽ എത്തും. ജൂൺ 18 -ന് കേരള സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി സെന്റർ ദുബായിൽ ഉദഘാടനം ചെയ്യും. വൈകിട്ട് നാലരയ്ക്ക് ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകൾ. 19 -ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.