കാലഘട്ടത്തിനനുസരിച്ച് കുട്ടികളെ ജീവിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ശിശു വികസന അക്കാദമി ആരംഭിക്കാനൊരുങ്ങി അബുദാബി. യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. അബുദാബി ഏർളി ചൈൽഡ്ഹുഡ് അതോറിറ്റിയുടെ കീഴിലാണ് ശിശു വികാസ ദേശീയ അക്കാദമി (നാഷനൽ അക്കാദമി ഫോർ ചൈൽഡ് ഹുഡ് ഡെവലപ്മെന്റ്) എന്ന പേരിൽ പുതിയ സ്ഥാപനം ആരംഭിക്കുക.
സെപ്റ്റംബർ മുതൽ സ്ഥാപനത്തിൽ അക്കാദമിക് വർഷം ആരംഭിക്കും. അതിനുമുന്നോടിയായി ജൂൺ മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഗവേഷണം, സമ്മേളനങ്ങൾ, സെമിനാറുകൾ, ശിൽപശാലകൾ മുതലായവ പാഠ്യഭാഗമായുണ്ടാവും. അക്കാദമിയിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ അധിക യോഗ്യതയായി പരിഗണിക്കാനായി വിദ്യാഭ്യാസ മേഖലകളുമായി പങ്കാളിത്തം ഉറപ്പാക്കും. ഇതുവഴി വിദ്യാർത്ഥികളുടെ ജോലി സാധ്യതയും വർധിക്കുമെന്നാണ് വിലയിരുത്തൽ.
കുട്ടികളുടെ മാനസിക വികാസം, ശൈശവ വികാസം, ശിശു പരിചരണം എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസം, പരിശീലനം, ദീർഘകാല പഠന പദ്ധതികൾ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അക്കാദമി സ്ഥാപിക്കുക. ഡിഗ്രി ഉൾപ്പെടെയുള്ള വിവിധ സർട്ടിഫിക്കറ്റുകളും അക്കാദമിയിൽ നിന്ന് നൽകും. ഇതിനുപുറമെ കൾസൾട്ടേഷൻ, വിവര കൈമാറ്റം, മറ്റു സേവനങ്ങൾ എന്നിവയും സ്ഥാപനത്തിൽ ലഭ്യമാക്കും.