രാജ്യത്തെ അഴിമതി മുക്തമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച വാജിബ് പോർട്ടലിന്റെ പ്രവർത്തനം രാജ്യം മുഴുവൻ വ്യാപിപ്പിച്ച് യുഎഇ. അഴിമതികൾ തടയുന്നതിന്റെ ഭാഗമായി അബുദാബിയിൽ ആരംഭിച്ച പ്രത്യേക പോർട്ടലിന്റെ സേവനമാണ് ഇപ്പോൾ രാജ്യം മുഴുവൻ വ്യാപിപ്പിച്ചിരിക്കുന്നത്. ഇനിമുതൽ 7 എമിറേറ്റിലെയും സർക്കാർ സ്ഥാപനങ്ങളുടെ അഴിമതി സംബന്ധിച്ച വിവരങ്ങൾ ഈ പോർട്ടൽ വഴി പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനാകുമെന്ന് സുപ്രീം ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ അറിയിച്ചു.
രാജ്യത്തെയും സാമ്പത്തിക സ്രോതസുകളെയും അഴിമതി മുക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നടപടി. അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങളുടെ അഴിമതി റിപ്പോർട്ട് ചെയ്യാനായി അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി കഴിഞ്ഞ മെയ് മാസത്തിലാണ് പോർട്ടലിൽ ആരംഭിച്ചത്. പോർട്ടലിന്റെ പ്രവർത്തനം വിജയിച്ചതോടെയാണ് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
സർക്കാർ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതികൾ https://wajib.gov.ae/ എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം. വിവരം കൈമാറുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുമെന്ന് അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി അറിയിച്ചു. തെറ്റായ വിവരം നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും. അതോറിറ്റിക്ക് ലഭിച്ച രഹസ്യ വിവരങ്ങൾ അവലോകനം ചെയ്തശേഷം പരാതിക്കാരനുമായി ബന്ധപ്പെടുകയും റജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് കോഡ് അയച്ച് പരാതി നൽകിയത് യഥാർത്ഥ വ്യക്തി തന്നെയാണോ എന്ന് ഉറപ്പുവരുത്തിയ ശേഷമാകും തുടർനടപടി.