എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി വളാഞ്ചേരിയില്‍ നിന്ന് മക്കയിലെത്തിയ ശിഹാബ് ചോറ്റൂർ ഉംറ നിര്‍വ്വഹിച്ചു. കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന എന്ന ആഗ്രഹവുമായാണ് ശിഹാബ് മക്കയിലെത്തിയത്. നാട്ടില്‍ നിന്ന് മാതാവ് സൈനബ എത്തിയ ശേഷമാകും ശിഹാബ് ഹജ്ജ് ചെയ്യുക.
പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് രാജ്യങ്ങള്‍ പിന്നിട്ട് കഴിഞ്ഞ മാസമാണ് ശിഹാബ് സൌദി അറേബ്യയിലെ മദീനയിലെത്തിയത്. 21 ദിവസത്തോളം മദീനയില്‍ ചെലവഴിച്ച ശേഷമാണ് ശിഹാബ് മക്കയിലേക്ക് പുറപ്പെട്ടത്. മദീനയില് നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ ദൂരം 9 ദിവസം കൊണ്ടാണ് ശിഹാബ് പിന്നിട്ടത്.
2022 ജൂൺ രണ്ടിനാണ് കാൽ നടയായി ശിഹാബ് ചോറ്റൂർ ഹജ്ജ് യാത്ര തുടങ്ങിയത്. സെപ്റ്റംബറിൽ ഇന്ത്യൻ അതിർത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു. പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്.