റിയാദ് നഗരപരിസരത്ത് അവശനിലയിൽ അലഞ്ഞുനടന്ന സിംഹത്തെ പിടികൂടി. സിംഹത്തെ കണ്ടതിനെത്തുടർന്ന് പൗരന്മാർ അധികാരികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പരിസ്ഥിതി സുരക്ഷാ സേനയാണ് സിംഹത്തെ പിടികൂടിയത്.
റിപ്പോർട്ടുകൾ അനുസരിച്ച് സ്പെഷ്യൽ ഫോഴ്‌സ് അടിയന്തര നടപടി സ്വീകരിക്കുകയും സിംഹത്തിന്റെ ഭീഷണി നിർവീര്യമാക്കുകയും ചെയ്തു. തുടർന്ന് വൈൽഡ് ലൈഫ് അതോറിറ്റിക്ക് സിംഹത്തെ കൈമാറി.സിംഹം നഗരപരിസരത്ത് എത്തിയ സാഹചര്യത്തെപ്പറ്റി അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം വംശനാശഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ കൈവശം വയ്ക്കുന്നതും വ്യാപാരം നടത്തുന്നതും പരിസ്ഥിതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.നിയമലംഘകർക്ക് 10 വർഷം തടവോ പരമാവധി 30 മില്യൺ റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉൾപ്പെടുന്നതാണ് ശിക്ഷ. സമാനസംഭവങ്ങൾ ആവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
പരിസ്ഥിതിക്കും വന്യജീവികൾക്കും നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനും പ്രത്യേക സേന പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽനിന്ന് 911 എന്ന നമ്പരിലും രാജ്യത്തിൻ്റെ മറ്റ് പ്രദേശങ്ങളിൽനിന്ന് 999, 996 എന്നീ നമ്പരുകളിലും ഇക്കാര്യം റിപ്പോർട്ട് ചെയ്യാനാകും.
അനധികൃതമായി വളർത്തുന്ന മൃഗങ്ങൾ മനുഷ്യജീവന് ഭീഷണി ഉയർത്തിയാൽ ഗൌരവമുളള കുറ്റമായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി.