മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ വിവരങ്ങൾ താരസംഘടനയായ ‘അമ്മ’യുടെ കൈവശമുണ്ടെന്ന ഭരണസമിതിയംഗം ബാബുരാജിന്റെ വെളിപ്പെടുത്തല്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു തള്ളി. സംഘടനയുടെ പക്കൽ അത്തരമൊരു പട്ടിക ഇല്ലെന്ന് ഇടവേള ബാബു പറഞ്ഞു.
ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടികയൊന്നും ഇല്ല. നിര്‍മാതാക്കള്‍ ഇതുവരെ രേഖാമൂലം പരാതി നല്‍കുകയോ ‘അമ്മ’യിൽ ഇതുവരെ ഇക്കാര്യം സംബന്ധിച്ച ചർച്ചകളോ ഉണ്ടായിട്ടില്ല. എന്നാൽ സിനിമയില്‍ ആരൊക്കെ ലഹരി ഉപയോഗിക്കുന്നുണ്ട് എന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നടപടിയോടും സംഘടനയുടെ ഭാഗത്ത് നിന്ന് പൂർണ്ണ സഹകരണം ഉണ്ടാവും. കൂടാതെ ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പാടില്ല. പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറാനും പാടില്ല എന്ന് സംഘടനയുടെ ബൈലോയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. മാത്രമല്ല പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കര്‍ശനപരിശോധന നടത്താറുണ്ടെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.
മലയാളത്തിലെ പ്രമുഖ നടന്മാരായ ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ വിലക്കിയതിനെ തുടര്‍ന്നാണ് സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്ത് വന്നത്. നേരത്തേ ലഹരി ഉപയോഗിക്കുന്ന താരങ്ങൾക്ക് വിലക്കേർപ്പെടുത്താനും അവരുടെ സിനിമകളുമായി സഹകരിക്കാതിരിക്കാനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിർമാതാക്കൾ തേടിയിരുന്നു. സിനിമയിലുള്ള വിവിധ സംഘടനകൾ ലഹരി ഉപയോഗിക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ സിനിമാ ലോക്കേഷനുകളിൽ ഇനി മുതൽ ഷാഡോ പോലീസിന്റെ സാന്നിധ്യം ഉണ്ടാവുമെന്ന് കൊച്ചി പോലീസ് കമ്മിഷണർ സേതുരാമൻ അറിയിക്കുകയും ചെയ്തിരുന്നു.