വിജയ് ബാബു ഇന്ന് കൊച്ചിയിൽ എത്തുമെന്ന കാര്യത്തിൽ സംശയം. മുൻകൂർ ജാമ്യ ഹർജിക്കൊപ്പം പ്രതിഭാഗം അഭിഭാഷകൻ ഹാജരാക്കിയ വിമാന ടിക്കറ്റ് പ്രകാരം ഇന്നാണ് കൊച്ചിയിൽ എത്തേണ്ടത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള ഈ വിമാനടിക്കറ്റ് റദ്ദാക്കിയതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. മുൻകൂർ ജാമ്യം ലഭിക്കാനുള്ള തന്ത്രമായിരുന്നു വിമാനടിക്കറ്റെന്നാണ് പോലീസിന്റെ നിഗമനം. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നാണ് ഹൈക്കോടതി പരിഗണിക്കുക.
വിജയ് ബാബു ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തുമെന്നായിരുന്നു അഭിഭാഷകൻ അറിയിച്ചത്. നാട്ടിൽ തിരിച്ചെത്തിയാലുടൻ അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു പൊലീസിന്റെ നീക്കം. ജാമ്യ ഹർജി പരിഗണിച്ചാൽ ഈ മാസം 30ന് തിരിച്ചെത്താമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു.
കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്നായിരുന്നു വിജയ് ബാബുവിന്റെ വാദം.
വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള വിജയ് ബാബു മെയ് 30ന് കൊച്ചിയിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകൾ സമർപ്പിച്ചതോടെയാണ് ജസ്റ്റിസ് പി.ഗോപിനാഥ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയാറായത്.