അശ്രദ്ധമായി പാർക്ക് ചെയ്ത വാഹനം തെന്നിനീങ്ങി കടലിൽ വീണു. ദുബായ് അൽ ഹംറിയ ഏരിയയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പാർക്ക് ചെയ്ത വാഹനം വാർഫിൽ നിന്ന് തെന്നി നീങ്ങി കടലിൽ പതിച്ചത്.
വാഹനം പാർക്ക് ചെയ്ത് ഡ്രൈവർ സുഹൃത്തുക്കളോട് സംസാരിക്കാൻ വേണ്ടി പുറത്തിറങ്ങിയപ്പോഴാണ് വാഹനം തെന്നി നീങ്ങിയത്. ഉടൻ സ്ഥലത്തെത്തിയ തുറമുഖ പൊലീസ് സ്‌റ്റേഷൻ മാരിടൈം റെസ്ക്യൂ ഡിപ്പാർട്ട്മെന്റിലെ മുങ്ങൽ വിദഗ്ധർ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്പോർട്ട് ആന്റ് റെസ്ക്യൂ അധികൃതരുടെ സഹകരണത്തോടെ വാഹനം കരയ്ക്കെടുക്കുകയായിരുന്നു. ക്രെയിനുമായി ബന്ധിപ്പിച്ച കയർ ഉപയോഗിച്ച് വാഹനം സുരക്ഷിതമാക്കിയ ശേഷം വാർഫിലേക്ക് ഉയർത്തുകയായിരുന്നു.
വാഹനം പാർക്ക് ചെയ്തപ്പോൾ ഹാൻഡ് ബ്രേക്ക് ശരിയായി ഉപയോഗിക്കാതിരുന്നതാണ് അപകടത്തിന്റെ കാരണമെന്ന് തുറമുഖ പൊലീസ് സ്‌റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ കേണൽ അലി അബ്‌ദുല്ല അൽ ഖുസിബ് അൽ നഖ്ബി പറഞ്ഞു. തണ്ണിമത്തൻ കയറ്റി വന്ന വാഹനമാണ് കടലിൽ വീണത്.