യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി ജയരാജൻ വിമാനത്തിനുള്ളിൽവെച്ച് അക്രമിച്ചെന്ന കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. ജയരാജനെതിരെ ആരോപിച്ചത് വ്യാജപരാതിയാണെന്നാണ് വലിയതുറ പൊലീസിന്റെ റിപ്പോർട്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ, യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവർ കറുത്ത വസ്ത്രമണിഞ്ഞും മുദ്രാവാക്യം മുഴക്കിയും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി ജയരാജൻ ആക്രമിച്ചെന്നായിരുന്നു പരാതി. എന്നാൽ പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇ.പി ജയരാജൻ തടയുകയായിരുന്നുവെന്ന വിശദീകരണമാണ് സർക്കാർ അന്ന് നൽകിയിരുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് പരാതിക്കാർ കോടതിയെ സമീപിച്ചതോടെയാണ് കേസെടുത്തത്. ഈ കേസിന്മേലുള്ള അന്വേഷണമാണ് ഇപ്പോൾ പൊലീസ് അവസാനിപ്പിക്കാനൊരുങ്ങുന്നത്. കേസിൽ ഇ.പി ജയരാജനെതിരെ തെളിവില്ലെന്നും പരാതി വ്യാജമാണെന്നുമാണ് പൊലീസിന്റെ റിപ്പോർട്ട്.