അജ്മാൻ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം ‘ക്ലൈമേറ്റ്” ന്യൂട്രൽ സിറ്റി 2050’ മാർച്ച് അഞ്ച് മുതൽ നടക്കും. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ നേതൃത്വത്തിൽ അജ്മാൻ മുനിസിപ്പാലിറ്റിയും ആസൂത്രണ വകുപ്പും ചേർന്നാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.
പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. അന്താരാഷ്ട്ര തലത്തിലെ വിദഗ്ധരും പരിപാടിയുടെ ഭാഗമാകും.അജ്മാൻ യൂണിവേഴ്സിറ്റി – ശൈഖ് സായിദ് സെൻ്റർ ഫോർ കോൺഫറൻസസ് & എക്സിബിഷനിലാണ് സമ്മേളനം നടക്കുക. സുസ്ഥിരത വർധിപ്പിക്കുന്നതിലും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള മാർഗരേഖ രൂപപ്പെടുത്തുന്നതിലും എമിറേറ്റിലെ നയങ്ങളെ പിന്തുണയ്ക്കുന്ന ആശയങ്ങൾ ചർച്ച ചെയ്യു മെന്ന് അജ്മാനിലെ പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെൻ്റ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് മൊയീൻ അൽ ഹൊസാനി പറഞ്ഞു.
യുഎഇയിലെ സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനൊപ്പം കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള റോഡ്മാപ്പ് തയ്യാറാക്കുന്നതും സമ്മേളനത്തിൻ്റെ ലക്ഷ്യമാണ്. ‘നെറ്റ് സീറോ സിറ്റികൾക്കും കമ്മ്യൂണിറ്റികൾക്കും വേണ്ടിയുള്ള ഭാവി രൂപപ്പെടുത്തുക’എന്ന സെഷനും പ്രധാനമാണ്. ശൈഖ് ഹുമൈദ് ബിൻ റാഷിദ് ഇൻ്റർനാഷണൽ സസ്റ്റൈനബിലിറ്റി അവാർഡിനും സമ്മേളനം ആതിഥേയത്വം വഹിക്കും.