യുഎഇയിലെ റാസല്‍ഖൈമ എമിറേറ്റില്‍ നിന്ന് ഒമാനിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. റാസല്‍ഖൈമയില്‍ നിന്ന് ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റുമായി ബന്ധിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര പൊതുബസ് സര്‍വീസാണിത്. അന്താരാഷ്ട്ര ഗതാഗത സംവിധാനം സുഗമമാക്കുക എന്നതാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് റാസല്‍ ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച് റാസല്‍ ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മുസന്ദം മുനിസിപ്പാലിറ്റിയുമായി സഹകരണ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.
അതേസമയം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യക്തികളുടെയും വിനോദ സഞ്ചാരികളുടെയും സഞ്ചാരം വര്‍ധിപ്പിക്കുന്നതിനാണ് ഈ ബസ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. റാസല്‍ഖൈമ അല്‍ദൈത് സൗത്ത് ഏരിയയിലെ പ്രധാന ബസ് സ്റ്റേഷനില്‍ നിന്ന് സർവീസ് ആരംഭിക്കും.മുസന്ദം ഗവര്‍ണറേറ്റില്‍ ഉൾപ്പെട്ട ഖസബിലെ വിലായത്തില്‍ സര്‍വീസ് അവസാനിക്കുകയും ചെയ്യും.
റാസല്‍ ഖൈമ എമിറേറ്റിലെ റാംസ് ഏരിയ, ഷാം ഏരിയ, മുസന്ദം ഗവര്‍ണറേറ്റിനുള്ളിലെ ഖദ ഏരിയ, ബുഖയിലെ വിലായത്ത്, ഹാര്‍ഫ് ഏരിയ, തിബാത്ത് ഏരിയ എന്നിവ ബന്ധിപ്പിച്ചാണ് ബസ് സര്‍വീസ് നടത്തുന്നത്. ഒരാള്‍ക്ക് ഏകദേശം 300 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെയാണ് ഈബസ്സിൽ യാത്ര ചെയ്യാനുള്ള ചിലവ്. കൂടാതെ യാത്ര ബുക്ക് ചെയ്യുന്ന ടൂര്‍ ഓപ്പറേറ്റര്‍മാരെ അടിസ്ഥാനമാക്കി പാക്കേജിന്റെ ആകെയുള്ള നിരക്കില്‍ വ്യത്യാസം ഉണ്ടായേക്കാമെന്ന് അധികൃതർ അറിയിച്ചു. പിക്ക് ആന്‍ഡ് ഡ്രോപ്പ് സർവീസ് കൂടാതെ ഭക്ഷണം ഉള്‍പ്പെടെയുള്ള മുഴു നീള പാക്കേജാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വാഗ്ദാനം ചെയ്യുന്നത്.