ഫ്രഞ്ച് ലീഗിനേക്കാൾ സൗദി പ്രോ ലീഗാണ് മികച്ചതെന്ന് ബ്രസീലിന്റെ സൂപ്പർസ്ട്രൈക്കർ നെയ്മർ ജൂനിയർ. ബ്രസീൽ ടീമിന്റെ പരിശീലനത്തിനിടെ നടന്ന വാർത്താ സമ്മേളനത്തിലാണ് ഫ്രഞ്ച് ലീഗും സൗദി ലീഗും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് നെയ്മർ പറഞ്ഞത്. പാരിസ് സെന്റ് ജെർമെയ്നിൽ നിന്ന് കഴിഞ്ഞ മാസമാണ് നെയ്മർ സൗദി ലീഗിലെ അൽ ഹിലാൽ ക്ലബിലേക്ക് മാറിയത്.
അവിടെയും ഫുട്ബാൾ ഒന്ന് തന്നെയാണ്. ഞാൻ ഉറപ്പുതരുന്നു. പന്ത് ഉരുണ്ടതാണ്. ഗോളുകളും ഏറെ പിറക്കുന്നുണ്ട്. മാത്രമല്ല സൗദി ലീഗിൽ ഇന്നു കളിക്കുന്ന വമ്പൻ താരങ്ങളുടെ സാന്നിധ്യം നോക്കുമ്പോൾ അത് ഫ്രഞ്ച് ലീഗിനേക്കാൾ കേമമാണെന്ന് ഉറപ്പിച്ച് പറയാനാവും എന്ന് നെയ്മർ പറഞ്ഞു.
അതേസമയം ആറു സീസണുകളിൽ പി.എസ്.ജിക്ക് കളിച്ച നെയ്മർ ഫ്രാൻസിലെ തന്റെ സമയം ആസ്വദിച്ചിരുന്നില്ല എന്ന സൂചനകൾ ഈയിടെ നൽകിയിരുന്നു. പരിക്ക് അലട്ടിയതിനിടയിലും മികവുറ്റ രീതിയിൽ കളിക്കാൻ കഴിഞ്ഞിരുന്നു. എങ്കിലും തന്റെ മികച്ച ഫോമിലേക്കുയരാൻ ബ്രസീൽ ക്യാപ്റ്റന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല അർജന്റീന ക്യാപ്റ്റനായ ലയണൽ മെസ്സിയും പി.എസ്.ജിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടിയിരുന്നതായും നെയ്മർ വെളിപ്പെടുത്തി. എന്നാൽ മെസ്സിയും. കുടുംബവും പാരീസിൽ ചെലവിട്ട കാലത്ത് ഒട്ടും സന്തുഷ്ടരായിരുന്നില്ലെന്ന് മെസ്സി തന്നെ പറഞ്ഞിരുന്നു.