ഹ്രസ്വദൂര ‘എയർ ടാക്സി, ഹൈബ്രിഡ്-ഇലക്ട്രിക് വിമാനങ്ങൾ രൂപീകരിക്കാനുള്ള പദ്ധതിയുമായി യുഎഇ. യുഎസ് ആസ്ഥാനമായുള്ള വ്യോമയാന കമ്പനിയായ ഒഡീസ് ഏവിയേഷൻ ആണ് ഇവ നിർമ്മിക്കുന്നത്. ഉയർന്ന സാധ്യതയുള്ള മേഖലകളിലെ പയനിയറിംഗ് ബിസിനസുകളെ പിന്തുണയ്ക്കുന്ന നെക്സ്റ്റ്ജെൻ എഫ്ഡിഐ പ്രോഗ്രാമുമായി ചേർന്നാണ് എയർ ടാക്സികൾ നിർമ്മിക്കുക എന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
കമ്പനി പ്രത്യേകമായ ഹൈബ്രിഡ്-ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (VTOL) വിമാനങ്ങളാണ് നിർമ്മിക്കുക. യാത്രക്കാർക്ക് പുറമേ ചരക്ക്, അടിയന്തിര സേവനങ്ങൾ എന്നിവയ്ക്കും വേണ്ടിയാണ് രൂപകൽപ്പന ചെയ്യുന്നത്. ഒഡീസ് ഏവിയേഷന്റെ വിമാനത്തിന് 320 കിലോമീറ്ററിന് ഓൾ-ഇലക്‌ട്രിക് പ്രൊപ്പൽഷൻ നൽകാൻ കഴിയും. കൂടാതെ ഹൈബ്രിഡ്-ഇലക്ട്രിക് റേഞ്ച് 1,200 കിലോമീറ്ററിലധികം വരും. പാൻ-ജിസിസി വിമാന യാത്രയിലെ കാർബൺ ഉദ്‌വമനം 76 ശതമാനം വരെ കുറയ്ക്കാനും യുഎഇയിൽ ഉടനീളമുള്ള എല്ലാ യാത്രകൾക്കും സീറോ കാർബൺ യാത്രാ ബദൽ നൽകാനും ഇത്തരം വിമാനങ്ങൾക്ക് സാധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2027 ലായിരിക്കും ഈ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുക.
രണ്ടായിരത്തിലധികം പേർക്ക് ജോലി
എംഒഇ യുടെ നെക്സ്റ്റ്‌ജെൻ എഫ്ഡിഐ പ്രോഗ്രാമിന്റെ സഹായത്തോടെ കമ്പനിക്ക് അബുദാബിയിൽ ഒരു പ്രാദേശിക ആസ്ഥാനം സ്ഥാപിക്കാൻ കഴിയും.അതിൽ ഉയർന്ന അളവിലുള്ള അസംബ്ലിയും മെയിന്റനൻസ് പ്ലാന്റും ഉൾപ്പെടുന്നു. ഈ നീക്കം എമിറേറ്റ്‌സിൽ നേരിട്ടും അല്ലാതെയും 2,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഒഡീസ് ഏവിയേഷനുമായുള്ള പുതിയ പങ്കാളിത്തം യുഎഇയുടെ യാത്രയിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു. സിവിലിയൻ, കാർഗോ, സിവിൽ ഡിഫൻസ് പ്രവർത്തനങ്ങളിൽ യുഎഇയിലുടനീളം ഓഡിസ് വിമാനങ്ങളുടെ പ്രവർത്തനത്തിന് അവസരങ്ങൾ ഉണ്ടാവും. കൂടാതെ പുതിയതും സുസ്ഥിരവും കാർബൺ കുറഞ്ഞതുമായ വ്യോമയാന മേഖല വികസിപ്പിക്കാനാണ് പുതിയ പദ്ധതിയിലൂടെ ആഗ്രഹിക്കുന്നത്. നെക്സ്റ്റ്‌ജെൻ എഫ്‌ഡിഐ പ്രോഗ്രാം യുഎഇയുടെ വികസിത ഉൽപ്പാദന, വ്യാവസായിക മേഖലയെ പരിവർത്തനം ചെയ്യാനും ലോകത്തെ തന്നെ മാറ്റാൻ സാധിക്കുന്ന ആശയങ്ങൾക്ക് പുതിയ വഴികൾ സൃഷ്ടിക്കാനും സഹായിക്കുന്നു.