സാഹസികനും അമാനുഷിക കഴിവുകളുമുള്ള വൈദികൻ കടമറ്റത്ത് കത്തനാരിന്‍റെ ജീവിതം പറയുന്ന ‘കത്തനാർ: ദ് വൈൽഡ് സോർസറർ’ എന്ന സിനിമയുടെ ഫസ്റ്റ് ഗ്ലിംപ്സ് പുറത്ത് വിട്ടു. ‘ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ’, ‘ജോ ആൻഡ് ദ് ബോയ്’, നാഷണൽ അവാർഡ് നേടിയ ‘ഹോം’ എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ജയസൂര്യയാണ് നായകനായെത്തുന്നത്. തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയാണ് ചിത്രത്തിലെ നായിക. അനുഷ്കയുടെ ആദ്യ മലയാള സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.
ഇന്ത്യൻ സിനിമയിൽ ഒരു നാഴികകല്ലായി മാറാൻ സാധ്യതയുള്ള ഈ സിനിമയുടേതായി എത്തിയിരിക്കുന്ന ആദ്യ ദൃശ്യങ്ങൾ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ഉണ്ടാക്കുന്നതാണ്. ഹൊററും ഫാന്‍റസിയും ആക്‌ഷനും ഉദ്വേഗജനകമായ ഒട്ടേറെ മുഹൂർത്തങ്ങളും അത്ഭുതം ജനിപ്പിക്കുന്ന ഐതിഹ്യങ്ങളും എല്ലാം ചേർന്ന ഒരു ഗംഭീര വിഷ്വൽ ട്രീറ്റായിരിക്കും ചിത്രമെന്ന സൂചനയാണ് ഫസ്റ്റ് ഗ്ലിംപ്സ് നൽകുന്നത്.
അതേസമയം വിർച്വൽ പ്രൊഡക്‌ഷൻ ടെക്നോളജിയിലൂടെ ചിത്രീകരിച്ച സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് കത്തനാർക്ക്. മാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, ഇറ്റാലിയൻ, കൊറിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി നിരവധി ഭാഷകളിലായി വേൾഡ് വൈഡ് റിലീസായായിരിക്കുംചിത്രം പ്രദർശനത്തിന് എത്തുക. രണ്ട് ഭാഗങ്ങളിലായി എത്തുന്ന സിനിമയുടെ ഒന്നാം ഭാഗം 2024-ൽ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ.രാമാനന്ദ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് നീൽ ഡിക്കൂഞ്ഞയാണ്. സംഗീതം: രാഹുൽ സുബ്രഹ്മണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂർത്തി, കോ പ്രൊഡ്യൂസേഴ്സ്: വി.സി പ്രവീൺ, ബൈജു ഗോപാലൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, വിഎഫ്എക്സ് സൂപ്പർവൈസര്‍: വിഷ്ണുരാജ്, വിർച്വൽ പ്രൊഡക്‌ഷൻ ഹെഡ്: സെന്തിൽ നാഥൻ, കോസ്റ്റ്യും ഡിസൈനര്‍: ഉത്തര മേനോൻ, മേക്കപ്പ്: റോണക്സ് സേവ്യർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.