ഗോൾമഴപ്പെയ്യിച്ച് ഇന്ത്യന്‍ ഫുട്ബോൾ ചരിത്രത്തില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്ത മലയാളികളുടെ സ്വന്തം ഐഎം വിജയന്‍ സ്വന്തം പേരിനൊപ്പം ഒരു ഡോക്ടര്‍ പദവി കൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു.ഐഎം വിജയന്‍ ഇനിമുതല്‍ ഡോ.ഐഎം വിജയനാണ്. റഷ്യയിലെ അക്കാൻഗിർസ്‌ക് നോർത്തേൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയാണ് ഇന്ത്യൻ ഫുട്‌ബോൾ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തിന് ഡോക്ടറേറ്റ് സമ്മാനിച്ചത്.
ചടുല നീക്കങ്ങളും സിസര്‍കട്ട് ഗോളുകളുമാണ് ആരാധകരെ കയ്യിലെടുക്കുന്ന ഐഎം വിജയന്‍റെ കളത്തിലെ തന്ത്രങ്ങൾ. 1992ലാണ് ഐഎം വിജയന്‍ ഇന്ത്യൻ ദേശീയ ടീമിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 39 ഗോളുകൾ കരസ്ഥമാക്കി. 2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്‌കോറർ. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി രാജ്യാന്തര റെക്കോർഡ്. ഫോര്‍വേഡായും മിഡ് ഫീല്‍ഡറായും മിന്നും പ്രകടനങ്ങൾ..
കേരളം ഫുട്ബോൾ ലോകത്തിന് നല്‍കിയ ഏറ്റവും വിലയേറിയ കറുത്തമുത്താണ് ഐഎം വിജയന്‍. പതിനെട്ടാം വയസ്സില്‍ കേരള പൊലീസ് ഫുട്ബോൾ ടീമിന്‍റെ ഭാഗമായി കളിക്കളങ്ങൾ നിറഞ്ഞു. പൊലീസ് ടീമില്‍ ഫെഡറേഷന്‍ കപ്പുൾപ്പടെ നിരവധി പൊന്‍ തൂവലുകൾ. പിന്നീട് ഇന്ത്യന്‍ ഫുട്ബോളിലെ വമ്പന്‍മാരായ മോഹന്‍ ബഗാനൊപ്പം. ജെ.സി.ടി. മിൽസ് ഫഗ്വാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്‌സ് തുടങ്ങി ഇന്ത്യയിലെ പ്രശസ്തമായ ഫുട്‌ബോൾ ക്ലബുകൾക്കുവേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട് ഈ തൃശൂര്‍ക്കാരന്‍.
2003-ൽ കായിക താരങ്ങൾക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ അർജുന അവാർഡും വിജയനെ തേടിയെത്തിയിട്ടുണ്ട്. ലോകം കണ്ട ഫുട്ബോൾ ദൈവം സാക്ഷാല്‍ ഡിഗോ മറഡോണയ്ക്കൊപ്പം പന്തുതട്ടാന്‍ അപൂര്‍വ്വ അവസരം ലഭിച്ച മലയാളി ഫുട്ബോളര്‍ കൂടിയാണ് ഐഎം വിജയന്‍. 2000 -2004 വരെ ഇന്ത്യൻ ഫുട്ബാൾ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. നിലവില്‍ മലപ്പുറം എം.എസ്.പി അസി. കമാൻഡറാണ് ഐ.എം. വിജയന്‍.