തിരുവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിൽ തെരുവിലെ വിഘ്നേഷും മകൾ ഗായത്രിയും സൈക്കിൾ യാത്ര ചെയ്യുന്നത് കണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും. കാരണം രണ്ട് സൈക്കിളുകൾ കൂട്ടിച്ചേർത്ത് ഒന്നാക്കിയ സൈക്കിളിലാണ് ഇവരുടെ യാത്ര.
മെക്കാനിക്കായ വിഘ്നേഷ് സ്വയം നിർമിച്ച ഈ വ്യത്യസ്തമായ സൈക്കിൾ തിരുവനന്തപുരം നഗരത്തിൽ എല്ലാവർക്കും സുപരിചിതമാണ്. നീളക്കൂടുതൽ കാരണം OLX വഴി വാങ്ങാനിരുന്ന ടാന്റെം സൈക്കിൾ വേണ്ടെന്ന് വച്ചപ്പോൾ എന്തുകൊണ്ട് സ്വന്തമായ് ഒന്ന് നിർമിച്ചുകൂടാ എന്ന് വിഘ്നേഷ് ചിന്തിച്ചു. നാല് മാസമെടുത്തു രൂപകല്പന ചെയ്യാൻ. എന്നാൽ സൈക്കിൾ നിർമാണം പൂർത്തിയാക്കാൻ ഒരു മാസമേ വേണ്ടി വന്നുള്ളൂ.
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയുള്ള വിഘ്നേഷിന് പുതിയ സൈക്കിൾ ഉണ്ടാക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നു. 15 സെന്റി മീറ്റർ മാത്രമേ വിഘ്നേഷിന്റെ സൈക്കിളിനുള്ളു. മുന്നിലും പിന്നിലുമായി കനം കൂടിയ ഡിസ്ക് ബ്രേക്കുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. കൂടാതെ അവയ്ക്കു എന്തെങ്കിലും കെടുപാടുകൾ സംഭവിക്കുകയാണെങ്കിൽ അഡിഷണൽ ആയി ഒരു ബ്രേക്ക് കൂടി ഘടിപ്പിച്ചിട്ടുണ്ട്. 21 ഗിയർസിലാണ് പ്രവർത്തനം.
മുന്നിലും പിന്നിലുമായി ഇരിക്കുന്നവർക്ക് ഒരേ സമയം കാലുകൾ ഉപയോഗിച്ച് ചലിപ്പിക്കുകയും, വേണമെങ്കിൽ ഒരാൾക്കു മാത്രമായി ചലിപ്പിച്ചു യാത്ര ചെയ്യുകയും ചെയ്യാം. മാർക്കറ്റിൽ ലഭ്യമായ പാർട്സുകൾ ഉപയോഗിച്ചാണ് ഈ സൈക്കിൾ നിർമിച്ചിരിക്കുന്നത്.
ഏത് ചെറിയ വഴികളിലൂടെയും ട്രാഫികിലൂടെയും അനായാസം യാത്ര ചെയ്യാമെന്ന സവിശേഷതകൾ സൈക്കിളുകൾക്കുണ്ട്. വായു മലിനികരണമോ ശബ്ദ മാലിനികരണമോ സൈക്കിളുകൾ മൂലം ഉണ്ടാവുന്നുമില്ലെന്ന് വിഘ്നേഷ് പറയുന്നു.
അതേസമയം സ്കൂളിൽ ചെന്ന് ഈ സൈക്കിൾ കഥ പറയുമ്പോൾ കൂട്ടുകാർ വിശ്വസിക്കാൻ ആദ്യമൊന്ന് മടിച്ചെന്ന് വിഘ്നേഷിന്റെ ഏഴാം ക്്ളാസുകാരിയ മകൾ ഗായത്രി പറയുന്നു. പിന്നീട് അവരും അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് ഗായത്രിയും.