സൗദിയുടെ പല ഭാഗങ്ങളിലായി ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ജിസാനിലേയും അസീറിലേയും വിവിധ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മഴയും പ്രത്യാഘാതങ്ങളും ഉണ്ടായത്. അതേസമയം ജിസാൻ യൂണിവേഴ്സിറ്റിയിലെ വനിതാ കാത്തിരിപ്പ് മുറിയുടെ മേൽക്കൂര ശക്തമായ മഴയിൽ ഇടിഞ്ഞ് വീണു. മഴവെള്ളം സീലിങ്ങിലേയ്ക്ക് ഒഴുകിയതിനെ തുടർന്ന് മുകൾത്തട്ടിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ സമയത്ത് വിദ്യാർഥിനികൾ മുറിയുടെ മറ്റൊരു ഭാഗത്തായിരുന്നു . അതിനാൽ ആളപായമൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, കനത്ത മഴയെ തുടർന്ന് ജിസാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (വ്യാഴം) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പഠനം മദ്റസത്തി പ്ലാറ്റ്ഫോം വഴി ഓൺലൈനിലൂടെ നൽകണമെന്നും അധികൃതർ പറഞ്ഞു. മേഖലയുടെ പല ഭാഗങ്ങളിലും കനത്ത കാറ്റും മഴയും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കൂടാതെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകളിൽ നിന്നും താഴ്വരകളിൽ നിന്നും വിട്ട് നൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത് കൂടാതെ ഞായറാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. മാത്രമല്ല ശക്തമായ മഴയുടെയും ഇടിമിന്നലിന്റെയും ഫലമായി പലയിടങ്ങളിലായി തോടുകളും ചതുപ്പുകളും രൂപപ്പെടാനുള്ള സാധ്യത ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.