ദുബായിൽ ഡ്രൈവറില്ലാ ടാക്‌സികൾ ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ദുബായ് ആര്‍ടിഎ. ആദ്യഘട്ടമായി പത്ത് ഡ്രൈവറില്ലാ ടാക്സികളാണ് നിരത്തിലിറങ്ങുക. ആഗോള സര്‍ക്കാര്‍ ഉച്ചകോടിയിലാണ് ദുബായ് ഗതാഗത വിഭാഗം മേധാവി മത്താർ അൽ തായറിന്‍റെ പ്രഖ്യാപനം.
നഗരാസൂത്രണവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് അർബൻ പ്ലാനിംഗ് ചെയർമാനും ആർടിഎ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്താർ അൽ തായർ ഇക്കാര്യം അറിയിച്ചത്. യാത്രകൾ സുഗമമാക്കുന്നതിനൊപ്പം യാത്ര സൗകര്യങ്ങൾ ഉയര്‍ത്തുകയും നവീകരിക്കുകയും ചെയ്യേണ്ടതുണ്ട്. നഗരസൗകര്യം വിപുലമാക്കുക സേവന നിലവാരം ഉയര്‍ത്തുക എന്നതും ദുബായ് ഗതാഗത വകുപ്പിന്‍റെ ലക്ഷ്യങ്ങളാണ്.
ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട് ദുബായ് നടത്തുന്ന പ്രവര്‍ത്തനങ്ങൾ അവസാനഘട്ടത്തിലെത്തിക്കഴിഞ്ഞു. ഇത്തരം വാഹനങ്ങൾക്കായി പ്രത്യേക പാതകൾ തയ്യാറാക്കുകയും പരീക്ഷണ ഓട്ടങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ജൈറ്റക്സ് സാങ്കേതിക മേളയിലും ആര്‍ടിഎ പദ്ധതി അവതരിപ്പിച്ചിരുന്നു. തെരഞ്ഞെടുത്ത പ്രദേശങ്ങളിലായിരിക്കും ആദ്യ ഘട്ട പദ്ധതി നടപ്പാക്കുക.
നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ഡ്രൈവറില്ലാ ടാക്‌സികളുടെ സേവനമുളളത്. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളുടെയും റഡാറിന്റെയും സഹായത്തോടെയാണ് വാഹനങ്ങൾ മുന്നോട്ടുപോകുന്നത്. ആര്‍ട്ടിഫിഷ്യല്‍ സൗങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. ലിമോസിന്‍ ടാക്‌സികള്‍ക്ക് തുല്യമായ നിരക്കായിരിക്കും ഡ്രൈവറില്ലാ ടാക്സികളിലും ഈടാക്കുക.