ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ താരമാണ് രജനികാന്ത്. അത്രത്തോളം തന്നെ വലിയ ആരാധക വൃന്ദമുള്ള സംഗീത സംവിധായകനാണ് എ ആർ റഹ്മാനും. ഇരുവരും ഒന്നിച്ചെത്തിയ സിനിമകളിലെ പാട്ടുകൾ സൂപ്പർ ഹിറ്റുകളാണ്. ഇന്നും പലരുടെയും പ്ലേ ലിസ്റ്റുകളിൽ ഈ പാട്ടുകൾക്ക് ഇടമുണ്ടാവും. ഇരുവരും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’.
ചിത്രത്തിൽ അതിഥി വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. എ. ആർ റഹ്മാൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇപ്പോഴിതാ എ.ആർ റഹ്മാൻ നൽകിയ പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ വെളിപ്പെടുത്തൽ.
‘അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് സ്വപ്നതുല്ല്യമായ അനുഭവമായിരുന്നു. സത്യസന്ധനും സത്യത്തിനൊപ്പം മാത്രം നിൽക്കുന്ന മഹത് വ്യക്തിത്വം. ഇന്നത്തെ കാലത്ത് ജീവിക്കാനുള്ള ശക്തിയുടെ ഉദാഹരണമാണ് അദ്ദേഹം. സിനിമയുടെ മേക്കിങ്ങിലും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. എന്റെ സിനിമയിലും ജീവിതത്തിലും മികച്ച പിന്തുണയാണ് അദ്ദേഹം നൽകിയത്. അദ്ദേഹവുമായുള്ള ബന്ധം വളരെ അമൂല്യമാണ്’- ഐശ്വര്യ പറഞ്ഞു.
സ്പോർട്സ് ഡ്രാമ ചിത്രമാണ് ‘ലാൽ സലാം’. വിഷ്ണു വിശാൽ, വിക്രാന്ത്, സെന്തിൽ, തമ്പി രാമയ്യ, ജീവിത, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നതും ചിത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം തിയറ്ററുകളിലെത്തുക.