ഖത്തറിൽ വയോജന സർവേ നടപ്പാക്കാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ തീരുമാനം. ഒരുവർഷം നീളുന്ന സർവ്വേ 2024 നവംബര്‍ മൂന്നിന് ആരംഭിച്ച് 2025 ജനുവരി 31ന് അവസാനിക്കും. വയോജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സർവ്വേയ്ക്ക് തുടക്കമിടുന്നത്.
നാഷണല്‍ പ്ലാനിങ് കൗണ്‍സിലിൻ്റേയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷൻ്റേയും സഹകരണത്തോടെയാണ് വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നത്. അറുപത് വയസും അതിന് മുകളിലും പ്രായമായ ആളുകളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ സര്‍വേയില്‍ ശേഖരിക്കും. രക്തസമ്മർദ്ദം, ഭാരം, കേൾവി, ശ്വാസകോശത്തിൻ്റെ പ്രവർത്തനം തുടങ്ങിയ സമഗ്രമായ ആരോഗ്യ വിവരങ്ങൾ വിലയിരുത്തപ്പെടും.
സ്വദേശികളും വിദേശികളുമായ വ്യക്തികളെ നേരില്‍ കണ്ടും ഗൃഹസന്ദര്‍ശനം നടത്തി ചോദ്യാവലി പൂർത്തിയാക്കാൻ ആവശ്യപ്പെടും. ഇതിലൂടെ
പ്രായമായവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഒരു ദേശീയ ഡാറ്റാബേസ് വികസിപ്പിക്കാനാണ് തീരുമാനം. ദേശീയ ആരോഗ്യ തന്ത്രം 2024-2030 നടപ്പിലാക്കുന്നതിനും ഖത്തർ ദേശീയ വിഷൻ 2030 മായി യോജിപ്പിക്കുന്നതിനും വയോജനസർവ്വേ പിന്തുണ നൽകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.