ട്വിറ്റര്‍ വാങ്ങുന്നതിൽ നിന്ന് പിന്മാറിയതായി സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതാണ് കാരണം. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ആവശ്യപ്പെട്ട രേഖകള്‍ ട്വിറ്റര്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ട്വിറ്റർ വാങ്ങുന്നില്ല എന്ന തീരുമാനത്തിലേക്ക് മസ്ക് എത്തിയത്. മസ്‌കിന്റെ ആവശ്യങ്ങൾക്ക് ട്വിറ്റര്‍ വില കൊടുത്തില്ലെന്നും കരാര്‍ പാലിക്കാത്തതിന് കമ്പനി പറഞ്ഞ ന്യായങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മസ്‌കിന്റെ അഭിഭാഷകന്‍ മൈക്ക് റിംഗ്ലര്‍ വ്യക്തമാക്കി.
സ്പാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നീക്കത്തില്‍ നിന്ന് പിന്മാറുമെന്ന് മസ്‌ക് നിരവധി തവണ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ കമ്പനിയുടെ ടെസ്റ്റിങ് രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രം മസ്‌കിന് കൈമാറാമെന്നായിരുന്നു ട്വിറ്ററിന്റെ നിലപാട്.
ആക്റ്റീവ് യൂസർമാരിൽ 5 ശതമാനത്തില്‍ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകള്‍ ഉള്ളതെന്ന് കമ്പനി ഈ മാസം ആദ്യം കണക്ക് എടുത്തിരുന്നു. ട്വിറ്റർ പ്ലാറ്റ്‌ഫോമില്‍ നിന്ന് സ്പാം ബോട്ടുകള്‍ നീക്കം ചെയ്യുക എന്നതിനാണ് മുൻതൂക്കം കൊടുക്കുകയെന്ന് മസ്‌ക് അടുത്തിടെ പറഞ്ഞിരുന്നു. 4,400 കോടി ഡോളറിനാണ് മസ്ക് ട്വിറ്റർ വാങ്ങനിരുന്നത്. 9.2 % ഓഹരി നിക്ഷേപമാണ് ട്വിറ്ററില്‍ മസ്‌കിനുള്ളത്.
അതേസമയം ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ നിന്നും പിന്‍മാറിയതോടെ മസ്കിനെതിരെ കേസ് കൊടുക്കുമെന്നാണ് ട്വിറ്റര്‍ തീരുമാനം. ഏറ്റെടുക്കല്‍ നടപ്പാക്കാൻ നിയമനടപടികൾ ബോർഡ് പദ്ധതിയിട്ടതായി ട്വിറ്റർ ചെയർമാൻ ബ്രെറ്റ് ടെയ്‌ലർ ട്വീറ്റ് ചെയ്തു. ഇതോടെ ലോകത്തെ ഒന്നാം നമ്പർ സമ്പന്നനും ആഗോളതലത്തിൽ പ്രമുഖ ടെക് കമ്പനിയും തമ്മിലുള്ള നിയമപ്പോരാട്ടത്തിനാണ് തുടക്കമാകുന്നത്.
2022 ഏപ്രിൽ 14നാണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചത്. ട്വിറ്ററിൽ കാതലായ മാറ്റങ്ങൾ വരുത്തുമെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു.