തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്ന നിർദ്ദേശങ്ങളുമായി യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ജോലിക്കിടെ തൊഴിലാളിക്ക് പരുക്ക് പറ്റുകയൊ അംഗവൈകല്യം സംഭവിക്കുകയൊ ചെയ്താൽ ചികിത്സാ ചെലവും നഷ്ടപരിഹാരവും നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. തൊഴിലാളിക്ക് ജീവഹാനിയുണ്ടായാൽ അനന്തരാവകാശികൾക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
തൊഴിലാളിക്ക് മികച്ച ചികിത്സ ഉറപ്പാക്കണം. ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ ചിലവ് വഹിക്കേണ്ടതും കമ്പനിയാണ്. വൈകല്യം തെളിയിക്കപ്പെട്ടവർക്ക് മരുന്നുകളും തുടർചികിത്സയും പുനരധിവാസത്തിന് സൌകര്യങ്ങളും ചെയ്ചത് നൽകണം.
ജോലി ചെയ്യാനാകാത്ത വിധം പരുക്കേറ്റാൽ തൊഴിലാളിക്ക് ഒരുവർഷത്തേക്ക് വേതനം നൽകേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ചികിത്സ കാലയളവ് കണക്കാക്കിയാണ് വേതനം നൽകേണ്ടത്. ആറ് മാസം പൂർണ ശമ്പളവും പിന്നീടുളള ആറ് മാസം പകുതി വേതനവും നൽകണം. തൊഴിൽ ചെയ്യാനാകാത്ത വിധം പരുക്കേറ്റാൽ തുടർ നഷ്ടപരിഹാരങ്ങൾ നൽകേണ്ടതും കമ്പനിയാണ്.
ജോലിക്കിടെ അപകടം മൂലമൊ രോഗം മൂലമോ തൊഴിലാളി മരിച്ചാൽ 24 മാസത്തെ അടിസ്ഥാന വേതനം നൽകണമെന്നും മന്ത്രാലയം പറഞ്ഞു. വ്യവസ്ഥകൾ അനുസരിച്ച് ഇത് 18,000 ദിർഹത്തിൽ കുറയാനോ 2 ലക്ഷം ദിർഹത്തിൽ കൂടാനോ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ നിയമങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.