അമേരിക്കയിൽ ടെക്സസിലെ
സ്കൂളിലുണ്ടായ വെടിവെപ്പിൽ 21 പേർ കൊല്ലപ്പെട്ടു. സാൻ അന്റോണിയോ സ്വദേശിയായ 18 വയസുകാരൻ സാൽവദോർ റമോസ് നടത്തിയ ആക്രമണത്തിൽ 19 കുട്ടികളും ഒരു അധ്യാപികയും രണ്ട് സ്‌കൂള്‍ ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ സാൽവദോറും കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലയാളിയുടെ ഉദ്ദേശം ഇതുവരെ പൊലീസിന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. രണ്ട് പൊലീസുകാർക്ക് പരുക്കേറ്റു. അക്രമത്തിൽ നിരവധി പേർക്ക് ഗുരുതര പരുക്കുകളുണ്ട്.
വീട്ടിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയതിന് ശേഷമാണ് റമോസ് സ്കൂളിലെത്തി വെടിവെപ്പ് നടത്തിയത്. യുവാൾഡിയിലെ റോബ് എലമെന്ററി സ്കൂളിലാണ് സംഭവം. രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്.
കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ യു എസില്‍ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പതാക താഴ്ത്തിക്കെട്ടും. മെയ് 28 വരെ ദുഃഖമാചരിക്കുമെന്നാണ് അമേരിക്കയിൽ നിന്ന് ഉള്ള റിപ്പോർട്ടുകൾ. തോക്ക് ലോബിക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.
വാര്‍ത്ത കേട്ട് താന്‍ തളര്‍ന്ന് പോയെന്നും എല്ലാ നേതാക്കളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ബൈഡന്‍ പറയുന്നു.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് വെടിവെപ്പിനെ ശക്തമായി അപലപിച്ചു. ആക്രമണം ഹൃദയ വേദന ഉളവാക്കിയെന്നും ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും കമല ഹാരിസ് അറിയിച്ചു.
600ന് അടുത്ത് വിദ്യാര്‍ത്ഥികൾ പഠിക്കുന്ന സ്കൂളിലാണ് ആക്രമണം നടന്നത്. വെടിവയ്പില്‍ പരുക്കേറ്റവരെ അടുത്തുള്ള രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി സാന്‍ അന്റോണിയോയിലേക്ക് മാറ്റുകയും ചെയ്തു. വെടിവെപ്പിനെ തുടർന്ന് പ്രദേശത്തെ എല്ലാ കാമ്പസുകളും അടച്ചു.