അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭ സമ്മേളനത്തിന് വേണ്ടിയുള്ള പണപ്പിരിവിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ പണം പിരിക്കുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്നും ഒരു ലക്ഷം ഡോളർ കൊടുത്ത് കൂടെ ഇരിക്കാൻ വരുന്നവരുടെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കരുതെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
കേരളത്തിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് അമേരിക്കയിൽ നടക്കുന്നത്. കേരള മുഖ്യമന്ത്രിയുടെ കൂടെ ഇരിക്കാൻ 82 ലക്ഷം രൂപ കൊടുക്കണം. ഒരു ലക്ഷം ഡോളർ, 50,000 ഡോളർ, 25,000 ഡോളർ ഇങ്ങനെ പ്രവാസികളെ മുഴുവൻ പണത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കുകയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്താണെന്ന് കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ലോകത്തിന് കാണിച്ചു കൊടുക്കുന്ന പരിപാടിയാണിതെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
ഒരു ലക്ഷം ഡോളർ ഉള്ളവൻ മാത്രം തന്റെ കൂടെ ഇരുന്നാൽ മതി, അല്ലാത്തവൻ ഗേറ്റിന് പുറത്ത് നിന്നാൽ മതിയെന്നാണ് ഇത് നൽകുന്ന സന്ദേശം. അപമാനകരമായ നടപടിയാണ്. പണമുള്ളവനെ മാത്രം വിളിച്ചിരുത്തുന്ന ഈ പരിപാടി കേരളത്തിനും കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിക്കും ചേർന്നതല്ലെന്നും സതീശൻ വ്യക്തമാക്കി.