ഇരട്ടനികുതി ഒഴിവാക്കുന്നതിനുള്ള കരാറിൽ ഒമാനും ഈജിപ്തും ഒപ്പുവെച്ചു. വരുമാന- മൂലധനനികുതി വെട്ടിപ്പ് തടയുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് കരാറിലും ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഈജിപ്ത് സന്ദർശനത്തിന്റെ ഭാഗമായാണ് കരാർ. ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലേം അൽ ഹബ്സിയും ഈജിപ്ത് ധനകാര്യ മന്ത്രി ഡോ. മുഹമ്മദ് മുഐത്തുമാണ് കരാറിൽ ഒപ്പുവെച്ചത്.
അതേസമയം ഒമാനിലെ നിക്ഷേപ സാധ്യതകൾ വിശകലനം ചെയ്യുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി ഒമാനി-ഈജിപ്ഷ്യൻ ബിസിനസ് ഫോറവും കൈറോയിൽ യോഗം ചേർന്നു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സാമ്പത്തിക പ്രവർത്തനങ്ങളുടെ വികസനം, നേതാക്കളുടെ അഭിലാഷങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി വർധിപ്പിക്കുമെന്ന് ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി ഒുമാൻ അറിയിച്ചു. ഒമാന്റെ വിഷൻ 2040ന്റെയും സുൽത്താനേറ്റ് നിക്ഷേപകർക്ക് നൽകുന്ന പ്രോത്സാഹനങ്ങളെയും സേവനങ്ങളെ കുറിച്ചും മന്ത്രി ഫോറത്തിൽ വിശദീകരിച്ചു.
ഒമാനെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന ചരിത്രപരമായ പല കാര്യങ്ങളെ കുറിച്ചും നിലവിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങളെ പറ്റിയും ഫോറം ചർച്ച ചെയ്തു. കൂടാതെ ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി സംയുക്ത താൽപ്പര്യങ്ങൾ ഏകീകരിക്കുന്നതിനുള്ള വഴികളെ കുറിച്ചും ഫോറം ചർച്ച ചെയ്തു.