ഒമാനും ബംഗ്ലാദേശും തമ്മിൽ സഹകരണങ്ങൾ വിപുലപ്പെടുത്താനൊരുങ്ങുന്നു. മസ്കത്തിൽ വച്ച് നടന്ന വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള മൂന്നാമത് രാഷ്ട്രീയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. കൂടാതെ പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങളും പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തു. ഇരുകക്ഷികളും ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും വ്യാപാര വിനിമയം, ഭക്ഷ്യ സുരക്ഷ, തൊഴിൽ ബന്ധങ്ങൾ, നിക്ഷേപം, സംയുക്ത താൽപര്യങ്ങൾ നിറവേറ്റുന്ന മറ്റ് മേഖലകളിലെ സഹകരണം എന്നിവയും വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയിൽ വിഷയമായി.
ചർച്ചയിൽ ഒമാനി പക്ഷത്തെ നയതന്ത്രകാര്യ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽ ഹർത്തിയും ബംഗ്ലാദേശ് സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ വിദേശകാര്യ സെക്രട്ടറി മസൂദ് ബിൻ മോമനും ആണ് നയിച്ചത്. കൂടാതെ ഒമാനിലെ ബംഗ്ലാദേശ് അംബാസഡർ മുഹമ്മദ് നസ്മുൽ ഇസ്ലാം, ഏഷ്യ, പസഫിക് വകുപ്പ് മേധാവിയായ യൂസഫ് ഇസ്സ അൽ സദ്ജലി, ഇരു രാജ്യങ്ങളിലെ വിദേശ മന്ത്രാലയങ്ങളിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.