ലോകത്തിലാദ്യമായി ഗർഭാവസ്ഥയിലുള്ള ശിശുവിന് മസ്തിഷ്ക ശസ്ത്രക്രിയ നടത്തി യുഎസിലെ ഡോക്ടർമാർ. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ്യ നടക്കുന്നത്. ഗർഭസ്ഥശിശുവിന്റെ തലച്ചോറിനുള്ളിലെ രക്തക്കുഴലുകൾക്ക് തകരാറ് സംഭവിച്ചിരുന്നു. വീനസ് ഓഫ് ഗാലൻ മാൽഫോർമേഷൻ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇത് പരിഹരിക്കാനായാണ് ശസ്ത്രക്രിയ നടത്തിയത്.
ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലും ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലുമായാണ് ആണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം വഹിച്ചുകൊണ്ട് പോകുന്ന രക്തക്കുഴലുകൾ ശരിയായി വികസിച്ചിരുന്നില്ല. ഇത് കുഞ്ഞിന്റെ സിരകളിലും ഹൃദയത്തിലും രക്തത്തിന്റെ അളവ് അമിതമാക്കി. കുഞ്ഞിന് സമ്മർദ്ദമുണ്ടാക്കുകയും മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്തു.
ശസ്ത്രക്രിയയ്ക്ക് വിധേനായ കുഞ്ഞിന് ഗർഭത്തിന്റെ ആദ്യ മാസങ്ങളിൽ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ കണ്ടെത്തിയിരുന്നില്ല. പതിവായി ചെയ്യുന്ന അൾട്രാസൗണ്ട് സ്കാനിംഗിലാണ് തലച്ചോറിനുള്ളിലെ രക്തക്കുഴലിന്റെ തകരാറ് കണ്ടെത്തിയത്. ഡെൻവർ എന്ന് പേരിട്ടിട്ടുള്ള കുഞ്ഞിന്റെ വൈകല്യം സാധാരണയിൽ കവിഞ്ഞ തോതിലായിരുന്നു താനും. അതിനാലാണ് ഗർഭം 34 ആഴ്ചയായപ്പോൾ ഗർഭപാത്രത്തിനുള്ളിൽ വെച്ച് തന്നെ ശസ്ത്രക്രിയ നടത്താൻ ആശുപത്രി അധികൃതർ തയാറായത്.
അതേസമയം കുഞ്ഞ് ജനിച്ച ശേഷം മസ്തിഷ്കത്തിനുള്ള പരിക്കുകളും ഹൃദയത്തിനുണ്ടാവുന്ന തകരാറുകളും കണ്ടെത്തുക വെല്ലുവിളിയാണെന്ന് ബോസ്റ്റൺ ചിൽഡ്രൻ ആശുപത്രിയിലെ ഡോ. ഡാരൻ ഒബ്രാച്ച് പറഞ്ഞു. സാധാരണയായി കുഞ്ഞ് ജനിച്ച ശേഷം ചെറിയ കോയിലുകൾ തിരുകാൻ ഒരു കത്തീറ്റർ ഉപയോഗിച്ചാണ് രക്തത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനുള്ള ചികിത്സ ചെയ്യുക. പലപ്പോഴും ജനിച്ചതിന് ശേഷം വളരെ വൈകിയാണ് കുഞ്ഞുങ്ങൾക്ക് ചികിത്സ ലഭിക്കുക. ഇതിൽ 50,60 ശതമാനം കുഞ്ഞുങ്ങളും പെട്ടെന്ന് തന്നെ രോഗബാധിതരാകുകയും ചിലപ്പോൾ മരണപെടുകയും ചെയ്യാം.