തകരാർ കണ്ടെത്തിയത് വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ്. പിന്നാലെ ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ച് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായപ്പോഴാണ് തകരാർ കണ്ടെത്തിയത്. വിക്ഷേപണം മാറ്റിവെച്ചതോടെ ഇവരെ പേടകത്തില്‍ നിന്ന് തിരിച്ചിറക്കുകയായിരുന്നു.
റോക്കറ്റിലെ ഓക്സിജൻ വാൽവിലാണ് തകരാർ കണ്ടെത്തിയത്. തുടർന്നാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ സമയം രാവിലെ എട്ടിന് ശേഷമാണ് ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. യുഎസിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ബോയിങ് സ്റ്റാർലൈനർ വിക്ഷേപണത്തിന് ഒരുങ്ങിയത്.
പേടകത്തിലെ ഇന്ധനം ഒഴിപ്പിക്കല്‍ നടപടിയും ഉടന്‍ ഉണ്ടാകും. അടുത്ത വിക്ഷേപണം എന്നാണെന്ന് പിന്നീട് അറിയിക്കും. സുനിതയ്ക്കൊപ്പം സഞ്ചരിക്കുന്നത് 61 കാരനായ ബുച്ച് വിൽമോറായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നിരന്തര ദൗത്യങ്ങൾ നടത്താനായി യാത്രാ പേടകം നിർമ്മിക്കാൻ നാസ കരാർ നൽകിയ രണ്ട് കമ്പനികളിൽ ഒന്നാണ് ബോയിംഗ്. കൂടെ കരാർ നേടിയ സ്പേസ് എക്സ് പണ്ടേക്ക് പണ്ടേ കഴിവ് തെളിയിച്ച് കഴിഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്ഥിരം ദൗത്യങ്ങൾ നടത്താവുന്ന അവസ്ഥയിലേക്ക് സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം വളർന്നു.