ഇസ്ലാമാബാദിൽ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്‍റെ പേരിൽ അനധികൃതമായി പ്രവർത്തിച്ച ജ്വല്ലറി പൂട്ടിച്ചു. ജ്വല്ലറി നടത്തിവന്ന പാക് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. മലബാർ ഗോൾഡ് അധികൃതരുടെ വളരെനാളത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് പാക്കിസ്ഥാനിലെ ഷോറൂം പൂട്ടിയത്. മലബാർ ഗോൾഡിന്റെ പേരും വ്യാപാര മുദ്രകളും ഉപയോഗിച്ചായിരുന്നു ജ്വല്ലറി പ്രവർത്തിച്ചിരുന്നത്.
മലബാർ ഗോൾഡിന്റെ പേരിൽ വ്യാജ ഷോറൂം നടത്തിവന്ന പാക് പൗരനായ മുഹമ്മദ് ഫൈസാനെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. മലബാർ ഗോൾഡ് ബ്രാൻഡ് അംബാസിഡർമാരുടെ ചിത്രങ്ങൾ, ആഭരണ ഡിസൈനുകൾ എന്നിവ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ ഇയാൾ പരസ്യങ്ങൾ നല്കിയായിരുന്നു തട്ടിപ്പ്. ഇത് ശ്രദ്ധയിൽപ്പെട്ട മലബാർ ഗോൾഡ് അധികൃതർ നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു.
മലബാർ ഗോൾഡിന്റെ പേരിലുള്ള സൈൻ ബോർഡുകളും ബ്രാന്റ് ലോഗോയും മുദ്രകളും നീക്കം ചെയ്യണമെന്ന് പാകിസ്ഥാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും മുഹമ്മദ് ഫൈസാൻ ഇത് പാലിച്ചിരുന്നില്ല. തുടർന്നാണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തതത്. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.