വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഒൻപതാം ദിനവും തിരച്ചിൽ ആരംഭിച്ച് രക്ഷാസംഘം. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. സൂചിപ്പാറയിലെ സൺറൈസ് വാലിയിലും ചാലിയാറിലുമായാണ് തിരച്ചിൽ തുടരുന്നത്.
ആനൗദ്യോഗിക കണക്കുകൾ അനുസരിച്ച് മരണസംഖ്യ 400 കടന്നു. ദുരന്ത മേഖലയിൽ നിന്നും 152 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുർഘടമായ സ്ഥലങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിച്ചുകൊണ്ടുള്ള തിരച്ചിലാണ് നടത്തുന്നത്.
അതേസമയം, വയനാട് മുണ്ടക്കൈയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ടൗൺഷിപ്പ് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തുക, പുനരധിവാസത്തിനു വേണ്ടിയുള്ള സമയപരിധി നിശ്ചയിക്കുക തുടങ്ങിയ വിഷയങ്ങളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. ഇതുവരെ നടത്തിയ പ്രവർത്തനവും വരുന്ന ദിവസങ്ങളിലെ തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചർച്ച ചെയ്യും.