രാജ്യത്ത് ഉപരാഷ്ട്രപതി തെതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആവശ്യമെങ്കിൽ വോട്ടെണ്ണലും അതേദിവസം തന്നെ നടത്തും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ അഞ്ചിനാണ് പുറപ്പെടുവിക്കുക. നിലവിലെ ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡുവിൻ്റെ കാലാവധി ഓഗസ്റ്റ് പത്തിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉപ രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജൂലൈ അഞ്ചിന്
വിജ്ഞാപനം ഇറങ്ങിയ ശേഷം ജൂലൈ 19 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ജൂലൈ 20നാണ് സൂക്ഷ്മപരിശോധന നടത്തുക. 22വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ അവസരമുണ്ട്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്. പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളജ് വഴി ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിലൂടെയാണ് ഉപ രാഷ്ട്രപതി തെരഞ്ഞെടുപ്പും നടക്കുന്നത്. ഇരുസഭകളിലെയും അംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 35 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും മത്സരിക്കാം. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതയുള്ളവരായിരിക്കണം സ്ഥാനാർത്ഥികൾ. സംസ്ഥാനത്തിന്റെയോ കേന്ദ്ര ഭരണ പ്രദേശത്തിന്റെയോ വോട്ടർ ആയിരിക്കണം. സ്ഥാനാർത്ഥി പാർലമെന്റിന്റെ സഭയിലോ സംസ്ഥാന നിയമസഭയുടെയോ അംഗമാണെങ്കിൽ വിജയിച്ചതിന് ശേഷം ആ അംഗത്വം ഉപേക്ഷിക്കേണ്ടിവരും.