‘മാതൃഭൂമി ഹിന്ദു സമൂഹത്തെ അവഹേളിക്കാനുള്ള ശ്രമത്തിനൊപ്പം’; മാതൃഭൂമി പത്രവായന അവസാനിപ്പിച്ച് വി. മുരളീധരൻ

Date:

Share post:

മാതൃഭൂമി പത്രവായന അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഹിന്ദു സമൂഹത്തെ അവഹേളിക്കാനുള്ള രാഹുൽ ​ഗാന്ധിയുടെ ശ്രമത്തിനൊപ്പം മാതൃഭൂമി ദിനപത്രം നിലകൊണ്ടുവെന്നാണ് മുരളീധരൻ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പത്രാധിപർക്ക് മുരളീധരൻ തുറന്നകത്തും അയച്ചിട്ടുണ്ട്.

ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട പരാമർശം നടത്തിയ രാഹുൽ ​ഗാന്ധിക്ക് നന്ദി പറഞ്ഞുകൊണ്ട് ഇന്നലെ മാതൃഭൂമിയുടെ ഒന്നാം പേജിൽ വാർത്തയെ മുരളീധരൻ ചോദ്യം ചെയ്തു. ഹിന്ദു സമൂഹത്തെ ആകെ അവഹേളിക്കുകയും അസത്യങ്ങളുടെ കൂമ്പാരം തുറന്നിടുകയും ചെയ്ത രാഹുല്‍ ഗാന്ധി എന്ന അപക്വമതിയായ രാഷ്ട്രീയക്കാരന് ഒന്നാം പേജില്‍ ‘നന്ദി’ രേഖപ്പെടുത്തിയതിലൂടെ മാതൃഭൂമി അരാജകവാദികളുടെ പക്ഷത്താണെന്ന് തെളിയിച്ചിരിക്കുകയാണ്. “ഹിന്ദുക്കള്‍ എന്ന് സ്വയം വിളിക്കുന്നവര്‍ മുഴുവന്‍ സമയവും അക്രമത്തിലും വിദ്വേഷത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരാണ്” എന്ന് പറഞ്ഞയാൾക്കാണ് മാതൃഭൂമിയുടെ നന്ദി അറിയിച്ചിരിക്കുന്നതെന്നും മുരളീധരൻ പത്രാധിപർക്ക് എഴുതിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വി. മുരളീധരന്റെ കത്തിന്റെ പൂർണരൂപം വായിക്കാം

മാതൃഭൂമി പത്ര വായന അവസാനിപ്പിക്കുന്നു
പത്രാധിപർക്കുള്ള തുറന്ന കത്ത്.

ബഹു.എഡിറ്റര്‍,
രാജ്യത്തിന്‍റെ സ്വാതന്ത്ര്യ പോരാട്ടത്തിനൊപ്പം നിന്ന മാതൃഭൂമി ദിനപത്രത്തെ വലിയ ആദരവോടെയാണ് വ്യക്തിപരമായി നോക്കിക്കണ്ടിരുന്നത്. അതിനാല്‍ത്തന്നെ ഏതാണ്ട് അഞ്ച് ദശാബ്ധത്തോളം മാതൃഭൂമി പത്രത്തിന്‍റെ വരിക്കാരനുമായിരുന്നു ഈ ഞാന്‍. എന്നാല്‍ ആ പതിവ് ഇനി ഉപേക്ഷിക്കാനാണ് തീരുമാനം.

ജൂലൈ 2 ലെ മാതൃഭൂമി പത്രത്തിന്‍റെ മുന്‍ പേജ് തന്നെ മാധ്യമധര്‍മം അപ്പാടെ മറന്നതായിരുന്നു. മാധ്യമനയം തീരുമാനിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. പക്ഷേ പത്രത്തിന്‍റെ ഒന്നാം പേജ് സാധാരണ വാര്‍ത്തകള്‍ അറിയിക്കാനുള്ളതാണ്. എന്നാല്‍ അന്നേ ദിവസത്തെ മാതൃഭൂമി ഒന്നാം പേജില്‍ത്തന്നെ ഏതാണ്ട് മുഖപ്രസംഗത്തിന്‍റെ സ്വഭാവമാണ് പുലര്‍ത്തിയത്. ഏകപക്ഷീയമായി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയെ വാനോളം പുകഴ്ത്തുകയും മൂന്നാം തവണയും ജനം അധികാരത്തിലേറ്റിയ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്ത സമീപനം മാധ്യമധാര്‍മികതയ്ക്ക് നിരക്കാത്തതാണ്.

പാര്‍ലമെന്‍ററി മര്യാദകളെല്ലാം ലംഘിച്ച് ഒന്നാം ദിനം രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ച അനുവദിക്കാതിരുന്ന, ചര്‍ച്ചയില്‍ പങ്കെടുത്ത് ഹിന്ദു സമൂഹത്തെ ആകെ അവഹേളിക്കുകയും അസത്യങ്ങളുടെ കൂമ്പാരം തുറന്നിടുകയും ചെയ്ത രാഹുല്‍ ഗാന്ധി എന്ന അപക്വമതിയായ രാഷ്ട്രീയക്കാരന് ഒന്നാം പേജില്‍ ”നന്ദി”രേഖപ്പെടുത്തിയതിലൂടെ മാതൃഭൂമി അരാജകവാദികളുടെ പക്ഷത്താണെന്ന് തെളിയിച്ചിരിക്കുകയാണ്.

മുഖ്യവായനക്കാരായ ഭൂരിപക്ഷ സമുദായത്തെയാകെ അവഹേളിച്ചയാള്‍ക്ക് നന്ദി പറഞ്ഞതിലൂടെ ആ സമൂഹത്തോടുള്ള നിലപാടും താങ്കളുടെ സ്ഥാപനം വ്യക്തമാക്കി. മാതൃഭൂമിയുടെ ഒന്നാം പേജില്‍ നിന്ന് തന്നെ രാഹുലിന്‍റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ.”ഹിന്ദുക്കള്‍ എന്ന് സ്വയം വിളിക്കുന്നവര്‍ മുഴുവന്‍സമയവും അക്രമത്തിലും വിദ്വേഷത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരാണ്.”‘ ഇത് പറഞ്ഞയാൾക്കാണ് മാതൃഭൂമിയുടെ നന്ദി!

മാതൃഭൂമി എഡിറ്റോറിയല്‍ ടീമിനെ അഭിമാനത്തോടെ ഓര്‍മിപ്പിക്കട്ടെ, ഞാന്‍ ഹിന്ദുവാണ്. അക്രമവും വിദ്വേഷവും എന്‍റെ പാതയല്ല. പക്ഷേ എന്‍റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നവരോട് സഹകരിച്ചു പോകാന്‍ സാധിക്കുകയുമില്ല. 2016ല്‍ പ്രവാചക നിന്ദ ആരോപിച്ച് താങ്കളുടെ പത്രത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ മറന്നിട്ടുണ്ടാവില്ല. അന്ന് നിങ്ങൾ മാപ്പ് പറഞ്ഞു. അത്തരം സമ്മർദങ്ങളും ഭീഷണികളും ഹിന്ദു സമൂഹത്തില്‍ നിന്നുണ്ടാവില്ല. കാരണം ഹിന്ദുമതം അഹിംസയുടെയും സഹിഷ്ണുതയുടെയും മതമാണ്. സത്യവും ധര്‍മവുമാണ് പാത.

1923 മാര്‍ച്ച് പതിനെട്ടിന് ഒന്നാം ലക്കത്തിലെ മാതൃഭൂമി മുഖപ്രസംഗത്തിലെ വരികള്‍ അങ്ങയെ ഓര്‍മിപ്പിക്കട്ടെ. ” അവരവരുടെ ബുദ്ധിക്കും പ്രാപ്തിക്കും അധ്വാനത്തിനും അനുസരിച്ചുള്ള ഫലം യാതൊരു തടസവും കൂടാതെ അനുഭവിക്കാന്‍ ആര്‍ക്കും സാധിക്കണം. അതിനെ കുറയ്ക്കുവാനോ ഇല്ലാതാക്കുവാനോ മനുഷ്യന്‍റെ സ്വാഭിമാനത്തെ ക്ഷയിപ്പിക്കുവാനോ നശിപ്പിക്കുവാനോ ഉള്ള ആചാരസമ്പ്രദായങ്ങളോ നിബന്ധനകളോ മനുഷ്യവര്‍ഗത്തിന്‍റെ അഭിവൃദ്ധിക്ക് പറ്റാത്തതാകയാല്‍ അവയെ തീരെ അകറ്റണം”.

നരേന്ദ്രമോദി സര്‍ക്കാരിന്‍റെ പത്തുവര്‍ഷത്തെ അധ്വാനത്തിന്‍റെ ഫലമാണ് മൂന്നാവട്ടവും തുടര്‍ച്ചയായി ഈ രാജ്യത്തെ ജനം അധികാരത്തിലേറ്റിയത് എന്ന് മാതൃഭൂമി മറന്നു. ഹിന്ദുസമൂഹത്തിന്‍റെ സ്വാഭിമാനത്തെ ക്ഷയിപ്പിക്കാനും നശിപ്പിക്കാനുമുള്ള ശ്രമത്തിനൊപ്പവുമാണ് ഇന്നത്തെ മാതൃഭൂമി എന്നതിനാല്‍ നിങ്ങള്‍ക്കൊപ്പമുള്ള യാത്ര ഇവിടെ അവസാനിപ്പിക്കുന്നു.

സ്നേഹപൂര്‍വം,
വി.മുരളീധരന്‍
മുൻ കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....