മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാർത്താസമ്മേളനം. കോണ്‍ഗ്രസ് പ്രവർത്തകരാണ് ഗാന്ധി ചിത്രം നശിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണെന്ന് വി ഡി സതീശന്റെ കുറ്റപ്പെടുത്തൽ. ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസില്‍ നിലപാട് പറയുന്നത് തെറ്റാണെന്നും കോൺഗ്രസുകാരാണ് പ്രതികളെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് നിഷ്പക്ഷമായി ഇത് അന്വേഷിക്കാന്‍ കഴിയുകയെന്നും പ്രതിപക്ഷ നേതാവ് ചോദ്യമുയർത്തി.
പത്രസമ്മേളനത്തിൽ പങ്കെടുക്കുന്ന മാധ്യമ പ്രവർത്തകരെ ഇറക്കിവിടുമെന്ന ഭീഷണി സംസ്ഥാനത്ത് ആദ്യമാണെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിനും പ്രതിപക്ഷ നേതാവ് മറുപടി നൽകി. പത്രസമ്മേളനത്തിനിടെ നിരന്തരം ശല്യപ്പെടുത്തുകയും ഒരേ ചോദ്യംതന്നെ നാലും അഞ്ചും തവണ ചോദിക്കുകയും ചെയ്തപ്പോഴാണ് ഇറങ്ങിപ്പോകാൻ എന്നെക്കൊണ്ട് പറയിക്കരുത് എന്ന് താൻ പറഞ്ഞത്. മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് ആരാണെന്നും ചെവി ഇങ്ങോട്ട് കാണിച്ചാൽ മറുപടി പറയാം എന്ന് പറഞ്ഞത് ആരാണെന്നും വി ഡി സതീശൻ ചോദിച്ചു. കേരളത്തിൽ മാധ്യമ സിൻഡിക്കേറ്റ് ഉണ്ടെന്ന് പറഞ്ഞ, മാധ്യമ പ്രവർത്തകരോട് ആക്രോശിച്ചിട്ടുള്ളയാൾ ഇപ്പോൾ നല്ലപിള്ള ചമയുമ്പോൾ ഇന്നലത്തെ കാര്യങ്ങളെല്ലാം മറന്നോ എന്ന് എങ്ങനെ ചോദിക്കാതിരിക്കുമെന്നും വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
കെ പി സി സി ഓഫീസ് ആക്രമിച്ചത് കൂടാതെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ അതിക്രമിച്ചു കയറി. കോൺഗ്രസിന്റെ ഓഫീസുകൾ ആക്രമിക്കുകയും 5 ഓഫീസുകൾ കത്തിക്കുകയും ചെയ്തു. നാൽപതോളം ഓഫീസുകളാണ് ആക്രമിക്കപ്പെട്ടത്. രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ചു. എന്നിട്ടും കോൺഗ്രസ് കലാപം നടത്തിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. രണ്ട് കുട്ടികൾ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയ സംഭവത്തിലും കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
നിയമസഭയിൽ പ്രതിപക്ഷം ഹീനമായ പെരുമാറ്റമാണ് നടത്തിയതെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. സ്പീക്കറുടെ ഡയസടക്കം അടിച്ചു തകർക്കുന്ന തരത്തിൽ നിയമസഭക്ക് അപമാനമുണ്ടാക്കിയ പ്രവർത്തികൾക്ക് നിർദ്ദേശം കൊടുത്ത പിണറായി വിജയനാണ് പ്രതിപക്ഷത്തിന്റേത് ഹീനമായ പെരുമാറ്റമാണെന്ന് ആരോപിക്കുന്നത്. അദ്ദേഹം പെരുമാറിയതുപോലെ യു ഡി എഫ് ഒരു കാലത്തും നിയമസഭയിൽ പെരുമാറിയിട്ടില്ല. അദ്ദേഹത്തിൽനിന്ന് സഭാമര്യാദ പഠിക്കേണ്ട ആവശ്യം യു ഡി എഫിനും കോൺഗ്രസിനുമില്ലെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.
കോൺഗ്രസ് കലാപാഹ്വാനം നടത്തി എന്ന് പറയുന്നവർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് ആരോഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കേസെടുത്തോയെന്നും സി പി ഐ എം നൽകുന്ന ലിസ്റ്റ് പ്രകാരമാണ് കേസെടുക്കുന്നതെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും വി ഡി സതീശൻ ആരോപിച്ചു. കേരളത്തിൽ മുഴുവൻ അക്രമം അഴിച്ചുവിട്ടിട്ട് ന്യായീകരിക്കുന്നത് കേട്ടാൽ അത്ഭുതം തോന്നുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു .