മാർച്ച് 15 ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് ഐക്യരാഷ്ട്രസഭ. മുസ്ലിം വിശ്വാസികൾക്കെതിരായി വർദ്ധിച്ചുവരുന്ന വിദ്വേഷവും വിവേചനവും അക്രമവും നേരിടുന്നതിൻ്റെ ഭാഗമായാണ് ദിനാചരണമെന്ന് യു.എൻ വ്യക്തമാക്കി. 2022ൽ യു.എൻ പൊതുസഭയുടെ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചതിനെ തുടർന്നാണ് മാർച്ച് 15ന് ഇസ്ലാമോഫോബിയ വിരുദ്ധ ദിനം അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ തീരുമാനം ആയത്.
സമാധാനം, സഹിഷ്ണുത, മനുഷ്യാവകാശങ്ങൾ, മത വൈവിധ്യങ്ങൾ എന്നിവയോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കാൻ ദിനാചരണം ആഹ്വാനം ചെയ്യുന്നുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയൊ ഗുട്ടെറസ് പറഞ്ഞു. മുസ്ലിം സ്ത്രീകൾ മൂന്നിരട്ടി വിവേചനത്തിന് ഇരയാകുന്നുണ്ട്. സംവാദവും മതസൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്നതിന് ഒന്നിച്ച് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള മതനേതാക്കളോട് യു.എൻ മേധാവി നന്ദിയും അറിയിച്ചു.
ഇസ്ലാമോഫോബിയയ്ക്കെതിരേ ലോകത്താകമാനം വെത്യസ്ത പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ശക്തമായി ബോധവത്കരണമാണ് െഎക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ഇതിനായി 51 പേർ കൂട്ടക്കൊല ചെയ്യപ്പെട്ട ക്രൈസ്റ്റ് ചർച്ച് മസ്ജിദ് വെടിവെപ്പ് നടന്ന ദിവസമായ മാർച്ച് 15 തെരഞ്ഞെടുക്കുകയായിരുന്നു.