ചിലരെങ്കിലും പരീക്ഷകളിൽ കോപ്പിയടിച്ചിട്ടുള്ളവർ ആണ്. എന്നാൽ യുഎഇയിൽ ഇത്തരം കോപ്പിയടികൾക്ക് കനത്ത പിഴ ഈടാക്കും. പരീക്ഷകളിൽ കോപ്പിയടിച്ച് പിടിക്കപ്പെട്ടാൽ 2 ലക്ഷം ദിർഹം പിഴ ചുമത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
പരീക്ഷകളിലെ തട്ടിപ്പ് തടയുന്നതിനുള്ള ഫെഡറൽ നിയമം അനുസരിച്ചാണ് ഈ പിഴ ഈടാക്കുന്നത്. പരീക്ഷയ്ക്ക് മുമ്പോ പരീക്ഷാ സമയത്തോ ശേഷമോ ചോദ്യങ്ങൾ, ഉത്തരങ്ങൾ അല്ലെങ്കിൽ പരീക്ഷാ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏതെങ്കിലും വിധത്തിൽ അച്ചടിക്കുക, പ്രസിദ്ധീകരിക്കുക, പ്രോത്സാഹിപ്പിക്കുക, കൈമാറുക , ഒരു വിദ്യാർത്ഥിയെ അവൻ്റെ/അവളുടെ സ്ഥാനത്ത് പരീക്ഷ എഴുതാൻ ആൾമാറാട്ടം നടത്തുക തുടങ്ങിയവ കണ്ടെത്തിയാൽ അവ ഗുരുതര കുറ്റമാണ്.
കഴിഞ്ഞ വർഷം പാസാക്കിയ വിവിധ മേഖലകളിലായി 73 ഫെഡറൽ നിയമനിർമ്മാണങ്ങളിൽ ഈ നിയമവും ഉൾപ്പെടുന്നു. സ്കൂളുകൾ, സർവകലാശാലകൾ, കോളേജുകൾ എന്നിവയുൾപ്പെടെയുള്ള സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് നിയമങ്ങൾ ബാധകമാണ്.