യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിൽ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയിൽ 50 ശതമാനം ഇളവ്. ഷാർജ എക്സിക്യൂട്ടീവ് കൌണ്‍സിലിന്റേതാണ് തീരുമാനം. ഡിസംബർ ഒന്നിന് മുൻപുള്ള നിയമലംഘനങ്ങൾക്ക് ഇളവ് ബാധകമായിരിക്കും. ജനുവരി 20 വരെ പിഴ അടയ്ക്കാനുള്ള സമയമുണ്ട്. ഇതിനുള്ളിൽ നിയമലംഘനത്തിന്റെ പേരിൽ വാഹനം പിടിച്ചെടുക്കില്ല, ട്രാഫിക് പോയിന്റ് റദ്ദാക്കും.
അതേസമയം ദുബായിൽ തുടര്‍ച്ചയായി നാലു ദിവസം സൗജന്യ പാര്‍ക്കിംഗ് ലഭിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പാര്‍ക്കിംഗിന് ഫീസ് ഈടാക്കില്ലെന്ന് ആര്‍ടിഎ അറിയിച്ചു. പതിവുപോലെ ഞായറാഴ്ച സൗജന്യപാര്‍ക്കിങ് ആയിരിക്കും. മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾക്ക് ഇളവ് ബാധകമല്ല.
വ്യാഴം മുതൽ ശനിയാഴ്ച വരെ മെട്രോ,ട്രാം, ബസ് സർവീസുകൾക്ക് പുതിയ സമയക്രമം അനുവദിച്ചു. മെട്രോ രാവിലെ അഞ്ച് മണി മുതൽ രാത്രി ഒരു മണി വരെയാകും സർവീസ്. ട്രാമുകളും ബസുകളും രാവിലെ ആറ് മുതൽ രാത്രി ഒരു മണിവരെ സർവീസ് നടത്തും. ഞായറാഴ്ചയും ബസുകൾക്ക് ഇതേ സമയക്രമമായിരിക്കും. മെട്രോ രാവിലെ എട്ട് മുതൽ രാത്രി 12 വരെയും ട്രാം രാവിലെ 9 മുതൽ രാത്രി ഒരു മണി വരെയുമായിരിക്കും സർവീസ്.
അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ എമിറേറ്റുകളിലും ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവുണ്ടട്. അബുദാബിയില്‍ ട്രാഫിക് പിഴ നേരത്തെ അടച്ചു തീർത്താൽ ഇളവുകള്‍ ലഭിക്കും. നിയമലംഘനം നടത്തി 60 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുന്നവര്‍ക്ക് 35 ശതമാനം ഇളവാണ് അബുദാബി നൽകുക. 60 ദിവസത്തിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പിഴ അടച്ചു തീര്‍ത്താല്‍ 25 ശതമാനം ഇളവ് ലഭിക്കും. അബുദാബി സര്‍ക്കാരിൻ്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയും പോലീസിൻ്റെ കസ്റ്റമര്‍ സര്‍വീസ് പ്ലാറ്റ്ഫോമുകള് വഴിയും പിഴ അടയ്ക്കാം.