യുഎഇയിൽ റമദാൻ പ്രമാണിച്ച് എല്ലാ ദിവസവും ഇഫ്താർ സമയമറിയിക്കാൻ പീരങ്കി വെടിയുതിർക്കുന്ന സ്ഥലങ്ങൾ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. അബുദാബി, അൽ ഐൻ, അൽ ദഫ്ര, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ എന്നിവയുൾപ്പെടെ ഒട്ടേറെ കേന്ദ്രങ്ങളിൽ ഇഫ്താർ പീരങ്കികൾ ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ദുബായിൽ ഇഫ്താർ പീരങ്കികൾ എട്ട് സ്ഥലങ്ങളിൽ സ്ഥാപിക്കുമെന്ന് ദുബായ് പൊലീസ് ഓപറേഷൻസ് അഫയേഴ്സ് അസിസ്റ്റൻ്റ് കമാൻഡർ ഇൻചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈത്തി അറിയിച്ചു. ദുബായ് പോലീസ് ഇഫ്താർ പീരങ്കികൾ എട്ട് സ്ഥലങ്ങളിൽ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇഫ്താർ സമയം അറിയിക്കാനാണു പരമ്പരാഗത പീരങ്കി മുഴക്കം കേൾപ്പിക്കുന്നത്. മലയാളികളടക്കം ഒട്ടേറെ പേർ പീരങ്കി മുഴക്കുന്നത് നേരിട്ടു കാണാൻ വിവിധ സ്ഥലങ്ങളിലെത്തിച്ചേരാറുണ്ട്.
അബുദാബി
ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, ഖസർ അൽ ഹോസ്ൻ, അൽ മുഷ്രിഫിലെ ഉം അൽ ഇമാറാത്ത് പാർക്ക്, ഫോർമുല പാർക്കിങ്ങിലെ അൽ ഷഹാമ സിറ്റി
ദുബായ്
ദുബായ് എക്സ്പോ , മദീനത്ത് ജുമൈറ, ദുബായ് ഫെസ്റ്റിവൽ സിറ്റി, ബുർജ് ഖലീഫ, ഡമാക് ഹിൽസ്, അപ്ടൗൺ മിർദിഫ്, ഹത്ത ഗസ്റ്റ് ഹൗസ്
അൽഐൻ
വെഡ്ഡിങ് ഹാളിന് സമീപമുള്ള സഖർ ഏരിയ, അൽ ജാഹിലി ഫോർട്ട്, അൽ ദഫ്ര സിറ്റിയിൽ അഡ്നോക് പാർക്കുകൾ
റാസൽഖൈമ
കൊടിമരത്തിന് സമീപമുള്ള അൽ ഖവാസിം കോർണിഷ്, ഉമ്മുൽ ഖുവൈനിൽ ഷെയ്ഖ് സായിദ് പള്ളി
വിശുദ്ധ മാസത്തിൽ യുഎഇയിലെ ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പരമ്പരാഗതമായൊരു കീഴ്വഴക്കമാണ് പീരങ്കി മുഴക്കം. ഒരു ദിവസത്തെ ഉപവാസം അവസാനിക്കുന്നതിൻ്റെ അടയാളം കൂടിയാണിത്. യുഎഇ സമൂഹത്തിൻ്റെ ഓർമയിലും മനസ്സിലും പതിഞ്ഞ സാമൂഹിക പൈതൃകത്തിൻ്റെ പ്രധാനപ്പെട്ട ഭാഗമാണ് പീരങ്കി വെടിയെന്ന് പ്രതിരോധ മന്ത്രാലയം ഓർമ്മിപ്പിച്ചു. നിശ്ചിത സ്ഥലങ്ങളിൽ ഇഫ്താർ പീരങ്കി വെടിമുഴക്കുന്നത് സൂക്ഷ്മമായും സുരക്ഷിതമായും നിരീക്ഷിക്കാനായി പൊതുജനങ്ങളെ ക്ഷണിക്കുകയും ചെയ്തു.