യുഎഇയില്‍ ഫ്രീ സോണ്‍ വിസകൾക്കുള്ള കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായി കുറച്ചു. കഴിഞ്ഞ മാസം മുതല്‍ പുതിയ കാലാവധി പ്രാബല്യത്തില്‍ വന്നിരുന്നു. ഒക്ടോബറില്‍ യുഎഇയില്‍ നടപ്പാക്കിയ സമഗ്ര വിസാ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ മാറ്റം.
നേരത്തെ സാധാരണ കമ്പനികളിലേക്കുള്ള തൊഴില്‍ വിസകള്‍ രണ്ട് വര്‍ഷത്തെ കാലാവധി അനുവദിച്ചപ്പോൾ ഫ്രീ സോണിലേക്കുള്ള തൊഴില്‍ വിസകള്‍ക്ക് മൂന്ന് വര്‍ഷമായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നു. നിലവില്‍ തൊഴില്‍ വിസകളുടെ കാലാവധി ഏകീകരിച്ചിരിക്കുകയാണ്. ഫ്രീ സോണ്‍ അതോറിറ്റികള്‍ തങ്ങള്‍ക്ക് കീഴിലുള്ള കമ്പനികള്‍ക്ക് വിസ കാലാവധി മാറ്റം അറിയിച്ച് സര്‍ക്കുലർ നൽകി.
ഇതിനോടകം അനുവദിച്ചിട്ടുള്ള വിസകളുടെ കാലാവധി മൂന്ന് വര്‍ഷം തന്നെയായിരിക്കുമെന്നും ബിസിനസ് കണ്‍സള്‍ട്ടൻ്റുമാര്‍ വ്യക്തമാക്കി. ഇപ്പോള്‍ നടപടികള്‍ പുരോഗമിക്കുന്ന പുതിയ വിസകളുടെ കാലാവധി രണ്ട് വര്‍ഷമായിരിക്കും. വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടം വരെ ഇതിനോടകം ആയിട്ടുള്ളവര്‍ക്കും നടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ കാലാവധി രണ്ട് വര്‍ഷം തന്നെയായിരിക്കും. മൂന്ന് വര്‍ഷ വിസയ്ക്കായി കമ്പനികളില്‍ നിന്ന് ഇടാക്കിയ തുകയില്‍ നിന്ന് മൂന്നാമത്തെ വര്‍ഷത്തേക്കുള്ള പണം തിരികെ നല്‍കും.