മക്കളോടുള്ള അമിത വാത്സല്യമാണോ ഇത്? പലപ്പോഴും പുറത്തു വരാറുള്ള വാർത്തയാണ് കുട്ടികളുടെ കൈയ്യിൽ സ്റ്റിയറിംഗ് കൊടുക്കുന്ന മാതാപിതാക്കളെ കുറിച്ച്. ഇത് സ്നേഹമല്ല, വലിയ അപകടമാണ്. മൂന്നു വയസ്സുള്ള മകനെ മടിയിലിരുത്തി വാഹനമോടിച്ച സംഭവത്തിൽ മലപ്പുറം സ്വദേശിയുടെ ലൈസൻസ് സസപെൻഡ് ചെയ്തിരിക്കുകയാണ് എംവിഡി.
മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം 10നായിരുന്നു സംഭവം. കാഴ്ചമറക്കുന്ന രീതിയിൽ മൂന്ന് വയസ് പ്രായമുള്ള കുട്ടിയെ വാഹനത്തിന്റെ സ്റ്റിയറിങിൽ പിടിച്ചുനിർത്തിയിരിക്കുന്നത് എഐ ക്യാമറയിൽ പതിഞ്ഞതോടെയാണ് ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
പുറക്കാട്ടുകിരി എന്ന സ്ഥലത്തെ എഐ ക്യാമറയിലാണ് ഇത് പതിഞ്ഞത്. പ്രഥമ ദൃഷ്ടിയാൽ അപകടകരമാകും വിധത്തിലുള്ള ഡ്രൈവിങ് നടത്തി, ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ കുട്ടിയെ ഇരുത്തി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നീ സാഹചര്യങ്ങളിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്തതെന്ന് കോഴിക്കോട് ആർടിഎ പറഞ്ഞു.
മലപ്പുറത്ത് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന വഴിയ്ക്ക് യാത്രക്കിടെ കുട്ടി കരഞ്ഞപ്പോൾ മടിയിൽ എടുത്തുവെച്ചതാണ് എന്നായിരുന്നു മുസ്തഫ നൽകിയ വിശദീകരണം. മുസ്തഫയുടെ മറുപടി തൃപ്തകരമല്ലാത്തതിനാലാണ് മൂന്ന് മാസത്തേക്ക് മോട്ടോവാഹനങ്ങൾ ഉപയോഗിക്കുന്നതിന് അയോഗ്യത കൽപ്പിച്ചതെന്ന് ആർടിഎ വ്യക്തമാക്കി.