അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് മൂന്ന് കോടിയിലധികം രൂപയാണെന്ന് റിപ്പോർട്ട്. ക്ഷേത്ര കൗണ്ടറുകൾ വഴി പണമായും ഓൺലൈൻ വഴിയുള്ള സംഭാവനയായും 3.17 കോടി രൂപയാണ് ഒരു ദിവസം കൊണ്ട് ക്ഷേത്രത്തിന് ലഭിച്ചതെന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറഞ്ഞു.
പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷമുള്ള എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം 10 സംഭാവന കൗണ്ടറുകൾ തുറന്നതായും അനിൽ മിശ്ര പറഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ക്ഷേത്രത്തിലെത്തുന്നവർക്ക് സുഗമമായി ദർശനം നടത്താനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ ആവശ്യമുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
22നായിരുന്നു ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. തുടർന്ന് 23ാം തിയതി മുതലാണ് ക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്. നിരവധിപേർ ദിവസേന ഇവിടേയ്ക്ക് എത്തുന്നതിനാൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു.