സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവിയിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നും ഇല്ലെന്നുമുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ പ്രതിഷേധവുമായി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളും രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് സത്യജിത്ത് റായ് ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ നിയമിച്ചത്. എന്നാൽ ഇക്കാര്യം സുരേഷ് ഗോപി അറിഞ്ഞില്ലെന്നും മുന്നറിയിപ്പില്ലാതെ നിയമനം നൽകിയതിൽ താരം അതൃപ്തനാണെന്നും അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുക്കില്ലെന്നുമാണ് പുറത്തുവരുന്ന സൂചനകൾ.
കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇരകൾക്ക് വേണ്ടി സുരേഷ് ഗോപി സംഘടിപ്പിക്കുന്ന പദയാത്ര ഗാന്ധി ജയന്തി ദിനത്തിൽ നടക്കാനിരിക്കെയാണ് പുതിയ പദവി നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗൺസിൽ ചെയർമാൻ ചുമതലയും സുരേഷ് ഗോപിക്കാണ് നൽകിയത്. മൂന്ന് വർഷത്തേയ്ക്കാണ് നിയമനം. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിൽ പദവിയിൽ ഇരുന്നുകൊണ്ട് സജീവ രാഷ്ട്രീയത്തിൽ തുടരാൻ ആകുമോയെന്ന കാര്യത്തിലും ആശങ്ക ഉയരുന്നുണ്ട്. എന്നാൽ അധ്യക്ഷ പദവിയിൽ സുരേഷ് ഗോപിക്ക് അതൃപ്തി ഉണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ സുരേഷ് ഗോപി തന്നെയായിരിക്കും ബിജെപി സ്ഥാനാർത്ഥിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇതിനിടെ സുരേഷ് ഗോപിക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല നൽകുന്നതിൽ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സുരേഷ് ഗോപിയെ അധ്യക്ഷനായി നാമനിർദേശം ചെയ്യുന്ന ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ തീരുമാനത്തെ എതിർത്ത് വിദ്യാർത്ഥി യൂണിയൻ പ്രസ്താവനയിറക്കി. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് ചേർന്ന്പ്രവർത്തിക്കുന്ന ബിജെപി നേതാവിനെ അധ്യക്ഷനായി നിയമിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നാണ് യൂണിയൻ വ്യക്തമാക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി അടുത്ത ബന്ധമുള്ള ഒരാൾ പ്രത്യേകിച്ച് ധ്രുവീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരാൾ തലപ്പത്തു വന്നാൽ ഇൻസ്റ്റിറ്റ്യൂട്ട് ഉയർത്തിപ്പിടിക്കുന്ന നിഷ്പക്ഷതയുടെയും കലാപരമായ സ്വാതന്ത്ര്യത്തിന്റെയും തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യലാകുമെന്നും പ്രസ്താവനയിൽ വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കി.