വനിതകളുടെ ട്വൻ്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ യാത്ര ഇന്ന് ആരംഭിക്കും. ഗ്രൂപ്പ് എ മത്സരത്തിൽ ന്യൂസീലൻഡാണ് ഇന്ത്യൻ ടീമിന്റെ എതിരാളി. രാത്രി 7.30 മുതൽ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.
സന്നാഹ മത്സരത്തിൽ വെസ്‌റ്റിൻഡീസിനെയും ദക്ഷിണാഫ്രിക്കയെയും തോൽപിച്ച ഇന്ത്യൻ ടീം ആത്മവിശ്വാസത്തോടെ ഫോം തെളിയിച്ചാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യയുടെ 15 അംഗ സ്ക്വാഡിലെ 12 പേരും മുൻപ് ലോകകപ്പ് കളിച്ചവരാണ്. പ്രഹരശേഷി വർധിച്ച ബാറ്റിങ് നിരയും വൈവിധ്യമേറിയ സ്പിൻ ഡിപ്പാർട്ട്മെന്റുമാണ് ഇന്ത്യയുടെ കരുത്ത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 10 വർഷത്തിൻ്റെ പരിചയമുള്ള സ്‌മൃതിയും വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ഷെഫാലി വർമയും ചേർന്നാകും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. തുടർന്ന് ജെമീമ റോഡ്രിഗസ്, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, റിച്ചാ ഘോഷ് എന്നിവരുൾപ്പെട്ട മധ്യനിരയും ശക്തമാണ്. മലയാളി ഓൾറൗണ്ടർ സജനാ സജീവൻ ടീമിലുണ്ടെങ്കിലും ഇലവനിൽ ഇടംകിട്ടുമെന്ന് ഉറപ്പില്ല. രേണുക സിങ്, പൂജ വസ്ത്രാകർ, അരുന്ധതി റെഡ്ഡി എന്നിവർ പേസ് വിഭാഗത്തെ നയിക്കും.