2024-ൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട. ട്വന്റി 20 ലോകകപ്പ് കളിക്കുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമായി ഇതോടെ ഉഗാണ്ട മാറി. 20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലാണ് ഇതോടെ ഉഗാണ്ട സ്ഥാനം നേടിയത്.
ആതിഥേയരായ യുഎസ്എ, വെസ്റ്റിൻഡീസ് എന്നിവർക്കൊപ്പം ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതർലൻഡ്സ്, ന്യൂസീലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, അയർലൻഡ്, സ്കോട്ട്ലൻഡ്, പാപുവ ന്യൂ ഗിനി, കാനഡ, നേപ്പാൾ, ഒമാൻ, നമീബിയ, ഉഗാണ്ട എന്നിവരാണ് യോഗ്യത നേടിയ ടീമുകൾ. 2024 ജൂൺ നാല് മുതൽ 30 വരെയാണ് ടൂർണമെന്റ് നടക്കുക.
റുവാണ്ടയ്ക്കെതിരെ ഒമ്പത് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയതോടെയാണ് ഉഗാണ്ട ലോകകപ്പിൽ സീറ്റുറപ്പിച്ചത്. സിംബാബ്വെയെ മറികടന്നാണ് ഉഗാണ്ട ടൂർണമെന്റിന് യോഗ്യത നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റുവാണ്ട 18.5 ഓവറിൽ 65 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉഗാണ്ട 8.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം നേടുകയായിരുന്നു.