ആരാധകരെ ആവേശത്തിലാഴ്ത്തിയ ഫുട്ബോൾ മാമാങ്കത്തിന് നാളെ കൊടിയിറങ്ങും. ഒരു മാസക്കാലമായി ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധാകേന്ദ്രമായിരുന്ന ഖത്തർ, എഎഫ്സി ഏഷ്യൻ കപ്പിന്റെ ഫൈനൽ പോരാട്ടത്തിനൊരുങ്ങുകയാണ്. കണ്ണിമചിമ്മാതെ ഒരോ മത്സരവും കണ്ടുകൊണ്ടിരുന്ന കാണികൾ കാത്തിരുന്ന മുഹൂർത്തമാണ് നാളെ വന്നുചേരുന്നത്.
ഒരേ ഘട്ടങ്ങലിലും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് ഏഷ്യൻകപ്പ് ഫൈനലിൽ മാറ്റുരയ്ക്കുന്നത് ജോർദാനും ഖത്തറുമാണ്. സെമി ഫൈനലിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ആരാകും കിരീടമുയർത്തുക എന്നറിയാനുള്ള ആവേശത്തിലാണ് കാണികൾ. ലുസൈല്‍ സ്റ്റേഡിയത്തിൽ നാളെ രാത്രി 8.30നാണ് കലാശപ്പോരാട്ടം നടക്കുക. അതിശക്തരായ രണ്ട് ടീമുകൾ ഏറ്റുമുട്ടുന്നതിനാൽ ഫലം പ്രവചനാതീതവുമാണ്. രാജ്യത്തുടനീളമുള്ള ഒൻപത് സ്റ്റേഡിയങ്ങളിലായി വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങൾക്കൊടുവിലാണ് ഖത്തറും ജോർദാനും കൊമ്പുകോർക്കാനൊരുങ്ങുന്നത്.
ഫൈനലിലേയ്ക്ക് ടിക്കറ്റ് ലഭിച്ചതിന്റെ ആഘോഷപ്രകടനങ്ങളിലായിരുന്നു ഇന്നലെ ഖത്തർ. സ്റ്റേഡിയത്തിലെ ആവേശപ്രകടനങ്ങൾക്ക് ശേഷം സൂഖ് വാഖിഫായിരുന്നു പ്രധാന ആഘോഷം നടന്നത്. രാവേറെ നീണ്ടുനിന്ന സൂഖിലെ ആഘോഷങ്ങൾക്കൊടുവിൽ കിരീടപ്പോരാട്ടവും സ്വപ്നം കണ്ടാണ് ഒരോ ആരാധകനും മടങ്ങിയത്. ഇനി ഫൈനലിൽ കാണാമെന്ന ഉറപ്പിൽ.